റോക്കി ഭായ് ഏപ്രിലില്‍ എത്തും; കെജിഎഫ് 2 റിലീസ് പ്രഖ്യാപിച്ചു

റോക്കി ഭായ് ഏപ്രിലില്‍ എത്തും; കെജിഎഫ് 2 റിലീസ് പ്രഖ്യാപിച്ചു

കന്നഡയില്‍ നിന്നെത്തി രാജ്യാന്തര ബോക്സ് ഓഫീസിനെ വിറപ്പിച്ച കെജിഎഫ് സീരീസിലെ ചാപ്റ്റര്‍ ടു റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ഏപ്രില്‍ 14ന് തിയേറ്ററില്‍ റിലീസ് ചെയ്യും. ലോകവ്യാപകമായാണ് ചിത്രത്തിന്റെ റിലീസ് നടക്കുക. നിര്‍മ്മാതാക്കളായ ഹോമബിള്‍ ഫിലിംസാണ് റിലീസ് വിവരം അറിയിച്ചത്. നടന്‍ യഷിന്റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. റിലീസ് തീയതി പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ 'കെജിഎഫ്2ഓണ്‍ഏപ്രില്‍14' എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്.

കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്തായിരിക്കണം ഏപ്രില്‍ മാസത്തിലേക്ക് നിര്‍മ്മാതാക്കള്‍ റിലീസ് നീട്ടിയത്. അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍, പ്രഭാസ് ചിത്രം രാധേ ശ്യാം, അജിത്ത് കുമാര്‍ ചിത്രം വാലിമൈ എന്നിവയുടെ റിലീസ് മാറ്റുകയുണ്ടായി.

അതേസമയം, കെജിഎഫ് 2 പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. രണ്ടാം ഭാഗത്തിന്റെ ടീസറിന് റെക്കോഡ് കാഴ്ച്ചക്കാരെയാണ് ലഭിച്ചത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശാന്ത് നീലാണ് സംവിധായകന്‍. കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തും. ഹോമബിള്‍ ഫിലിംസാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

The Cue
www.thecue.in