സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

രഞ്ജിത്ത്

രഞ്ജിത്ത്

Summary

രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. നിലവില്‍ കമല്‍ ആണ് അക്കാദമി ചെയര്‍മാന്‍. കമല്‍ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് കൊണ്ടുവരുന്നത്‌.

ഇത്തവണ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രഞ്ജിത്തിനെ സി.പി.എം പരിഗണിച്ചിരുന്നു. പാര്‍ട്ടി ഇക്കാര്യത്തില്‍ രഞ്ജിത്തുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അവസാനഘട്ടത്തില്‍ രഞ്ജിത് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയായിരുന്നു രഞ്ജിത്തിന്റെ പേര് സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിച്ചിരുന്നത്. രഞ്ജിത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പാര്‍ട്ടിക്കകത്ത് ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നു.

<div class="paragraphs"><p>മുഖ്യമന്ത്രി പിണറായി വിജയനൊപ്പം രഞ്ജിത്ത്</p></div>

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം രഞ്ജിത്ത്

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ അക്കാദമിയുടെ തലപ്പത്ത് കമല്‍ ആയിരുന്നു. ബീന പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍. അജോയ്. സി ആണ് സെക്രട്ടറി. സിബി മലയില്‍, വി.കെ ജോസഫ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങള്‍.

ഇടതുസഹയാത്രികനായ രഞ്ജിത്ത് ഇത്തവണ പ്രചരണരംഗത്തുമുണ്ടായിരുന്നു. ധര്‍മ്മടത്ത് പിണറായി വിജയന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച 'വിജയം' എന്ന പരിപാടിയിലും രഞ്ജിത്ത് പങ്കെടുത്തിരുന്നു.

ഒരു മെയ്മാസപ്പുലരി എന്ന സിനിമയില്‍ തിരക്കഥാകൃത്തായി 1987ല്‍ അരങ്ങേറ്റം കുറിച്ച രഞ്ജിത്ത് പിന്നീട് ആറാം തമ്പുരാന്‍, നരസിംഹം, വല്യേട്ടന്‍ എന്നീ വമ്പന്‍ വിജയചിത്രങ്ങളുടെ രചയിതാവായി മാറി. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പാലേരി മാണിക്യം, കയ്യൊപ്പ്, തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്നിവയും രഞ്ജിത്തിന്റേതായി പുറത്തുവന്നു. അന്നയും റസൂലും, അയ്യപ്പനും കോശിയും, ഗുല്‍മോഹര്‍ എന്നീ സിനിമകളില്‍ അഭിനേതാവും രഞ്ജിത്ത് സാന്നിധ്യമറിയിച്ചിരുന്നു.

അയ്യപ്പനും കോശിയും, നായാട്ട് എന്നീ സിനിമകള്‍ നിര്‍മ്മിച്ചതും രഞ്ജിത്ത് നേതൃത്വം നല്‍കുന്ന നിര്‍മ്മാണ വിതരണ കമ്പനിയാണ്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'കൊത്ത്' ആണ് രഞ്ജിത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രം.

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് സംവിധായന്‍ ഷാജി എന്‍ കരുണ്‍ തുടരുമെന്നാണ് അറിയുന്നത്. കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായിരിക്കേ ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ടതിന് പിന്നാലെയാണ് 2019 മേയില്‍ ഷാജി എന്‍ കരുണ്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തലപ്പത്തെത്തുന്നത്. ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കെ.എസ്.എഫ്.ഡിസിയുടെ നിരവധി പ്രൊജക്ടുകളും പദ്ധതികളും തുടരേണ്ട സാഹചര്യത്തിലാണ് ചെയര്‍മാന്‍ സ്ഥാനത്ത് അദ്ദേഹത്തോട് തുടരാന്‍ ആവശ്യപ്പെടുക എന്നും അറിയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in