'മരക്കാറിന് വേണ്ടിയല്ല ഐഎഫ്എഫ്‌കെ മാറ്റിയത്'; പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കമല്‍

'മരക്കാറിന് വേണ്ടിയല്ല ഐഎഫ്എഫ്‌കെ മാറ്റിയത്'; പ്രസ്താവന അടിസ്ഥാനരഹിതമെന്ന് കമല്‍

26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഫെബ്രുവരിയിലേക്ക് മാറ്റിയത് മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണെന്ന പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. മരക്കാര്‍ എന്ന സിനിമയ്ക്ക് വേണ്ടി ഐഎഫ്എഫ്‌കെ പോലുള്ള ഒരു അന്താരാഷ്ട്ര മേള മാറ്റിവെക്കില്ല. സര്‍ക്കാര്‍ ഒരിക്കലും അത് ചെയ്യില്ലെന്നും കമല്‍ ദ ക്യുവിനോട് പറഞ്ഞു.

തിരുവനന്തപുരത്തെ കൈരളി-ശ്രീ തിയേറ്ററില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിലാണ് മേള ഡിസംബറില്‍ നിന്ന് ഫെബ്രുവരിയിലേക്ക് മാറ്റിയതെന്നും കമല്‍. ഐഎഫ്എഫ്‌കെ ഉദ്ഘാടനമടക്കം പല ചടങ്ങുകളും കൈരളിയില്‍ വെച്ചാണ് നടക്കുന്നത്. അതുകൊണ്ട് ഡിസംബറില്‍ ഫെസ്റ്റിവല്‍ നടത്താന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മേള ഫെബ്രുവരിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും കമല്‍ വ്യക്തമാക്കി.

കമല്‍ പറഞ്ഞത്:

'മരക്കാര്‍ എന്ന സിനിമക്ക് വേണ്ടി ഐഎഫ്എഫ്‌കെ പോലുള്ള ഒരു അന്താരാഷ്ട്ര മേള മാറ്റിവെക്കുമെന്ന് തോന്നുന്നുണ്ടോ? സര്‍ക്കാര്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുണ്ടോ? തിരുവനന്തപുരത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കൈരളി-ശ്രീ തിയേറ്റര്‍ റിനോവേഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ ധന്യ രമ്യ തിയേറ്റര്‍ പൊളിച്ചിരിക്കുകയാണ്. ഐഎഫ്എഫ്‌കെയും കൈരളി ശ്രീ തിയേറ്ററും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഐഎഫ്എഫ്‌കെ ഉദ്ഘാടനമടക്കം പല ചടങ്ങുകളും കൈരളിയില്‍ വെച്ചാണ് നടക്കുന്നത്. അതുകൊണ്ട് അറ്റകുറ്റപണികള്‍ എന്ന് കഴിയും എന്നറിയാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കൈരളിയുടെ പ്രശ്‌നത്തെ കുറിച്ച് ഞാനും ഷാജി കരുണും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഡിസംബറില്‍ ഫെസ്റ്റിവല്‍ നടത്താന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് രണ്ട് മാസം മുന്‍പ് ആലോചിച്ച കാര്യമാണ്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ കൈരളിയുടെ അറ്റകുറ്റപണികള്‍ എന്ന് തീരുമെന്നതില്‍ വ്യക്തത വേണമായിരുന്നു. രണ്ട് ദിവസം മുമ്പാണ് ജനുവരി അവസാനത്തോടെ കൈരളിയിലെ ജോലികള്‍ അവസാനിക്കുമെന്ന് മന്ത്രി അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരിയിലേക്ക് ഫെസ്റ്റിവല്‍ മാറ്റുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. അതല്ലാതെ അതിന് മരക്കാറുമായി ഒരു ബന്ധവുമില്ല.

അതേസമയം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഡിസംബര്‍ 9നാണ് ആരംഭിക്കുന്നത്. അത് മരക്കാര്‍ റിലീസ് ചെയ്ത് ഒരാഴ്ച്ച കഴിഞ്ഞിട്ടാണല്ലോ നടത്തുന്നത്. ഫെസ്റ്റിവല്‍ ഏരിസ് പ്ലക്‌സില്‍ നാല് സ്‌ക്രീനിലായാണ് നടക്കുക. തിരുവനന്തപുരത്ത് ഏറ്റവും അധികം ആളുകള്‍ വരുന്ന തിയേറ്ററാണ് അത്. അവിടെ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ നടത്താനുള്ള അനുമതി സര്‍ക്കാര്‍ തന്നിട്ടുണ്ട്. അപ്പോഴാണ് മരക്കാറിന് വേണ്ടി കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവെക്കുന്നത്. പിന്നെ മരക്കാര്‍ കേരളം മുഴുവന്‍ റിലീസ് ചെയ്യുന്നതല്ലേ. ഫെസ്റ്റിവല്‍ തിരുവനന്തപുരത്ത് മാത്രമാണല്ലോ. അത് അടിസ്ഥാനരഹിതമായ പ്രസ്താവനയാണ്. അത്തരത്തില്‍ ഒരു ചിന്തയോ സംസാരമോ ഉണ്ടായിട്ടില്ല. ഞങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താന്‍ വൈകിപ്പോയി എന്നത് ശരിയാണ്.'

ഈ വര്‍ഷം ചലച്ചിത്ര മേള തിരുവനന്തപുരത്ത് മാത്രമാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് ഫെസ്റ്റിവല്‍ നാല് ജില്ലകളിലായി നടത്തിയത്്. അന്ന് വാക്‌സിനും ഉണ്ടായിരുന്നില്ല. അതിനാല്‍ കൊവിഡ് വ്യാപനം നടന്നാലോ എന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഐഎഫ്എഫ്‌കെ നാല് സെന്ററുകളില്‍ വെച്ച് നടത്തിയത്. ഈ വര്‍ഷം വാക്‌സിനേഷന്‍ വന്നതിനാല്‍ കുറച്ച് കൂടി ഇളവുകളുണ്ട്. തിയേറ്ററില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പോകാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇനി ഫെബ്രുവരിയാകുമ്പോഴേക്കും കൂടുതല്‍ ഇളവുകള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇത്തവണ തിരുവനന്തപുരത്ത് വെച്ച് തന്നെ മേള നടത്താന്‍ തീരുമാനമായതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in