വരികളെഴുതി പാട്ടുപാടി കമല്‍ഹാസന്‍, 'വിക്രം' ആദ്യ ഗാനം ഉടന്‍

വരികളെഴുതി പാട്ടുപാടി കമല്‍ഹാസന്‍, 'വിക്രം' ആദ്യ ഗാനം ഉടന്‍

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം. കമല്‍ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയിലെ ആദ്യ ഗാനം മെയ് 11ന് പ്രേക്ഷകരിലേക്കെത്തും. കമല്‍ഹാസന്‍ എഴുതി പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

'പത്തലെ പത്തലെ' എന്ന ഗാനമാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. അനിരുദ്ധ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അതിന് മറുപടിയായി കമല്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. മുതുമുശ്ശന്‍ മുതല്‍ ഇങ്ങോട്ട് എത്രയെത്ര കഴിവുള്ള പ്രതിഭകള്‍ ജീവിച്ച കുടുംബമാണ് അനിരുദ്ധിന്റേതെന്നും പൂര്‍വ്വികരുടെ പാത പിന്തുടരുന്ന അനിരുദ്ധ് അതിഗംഭീര സംഗീതസംവിധായകനാണെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.

ജൂണ്‍ 3നാണ് വിക്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ കമല്‍ഹാസനോടൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും അണിനിരക്കുന്നു.

ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ക്യാമറ. ജല്ലിക്കട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണ് വിക്രം. വിജയ് ചിത്രം സര്‍ക്കാര്‍ ഛായാഗ്രഹണം നിര്‍വഹിച്ചതും ഗിരീഷ് ഗംഗാധരന്‍ ആയിരുന്നു. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.