'കടുവ' തൂണ് പിളര്‍ന്ന് വരും: തടസങ്ങള്‍ക്കൊടുവില്‍ റിലീസിനെത്തുന്നുവെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

'കടുവ' തൂണ് പിളര്‍ന്ന് വരും: തടസങ്ങള്‍ക്കൊടുവില്‍ റിലീസിനെത്തുന്നുവെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ജൂലൈ 7ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിനെതിരെ പാല സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ നല്‍കിയ പരാതിയില്‍ ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. പരാതിയില്‍ സെന്‍സര്‍ ബോര്‍ഡ് പരിശോധന നടത്തിയ ശേഷം കടുവയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി. കടുവയുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം റിലീസ് ചെയ്യുന്ന വിവരം പങ്കുവെച്ചത്.

തടസങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററിലെത്തുകയാണ്. കടുവയുടെ ബുക്കിംഗ് ഓപ്പണായ വിവരവും ലിസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിങ്ങളുമായി വലിയൊരു സന്തോഷം പങ്ക് വെക്കുന്നു. ഒരുപാട് പോരാട്ടങ്ങള്‍ക്കും തടസങ്ങള്‍ക്കും ഒടുവില്‍ കടുവ നിങ്ങളുടെ മുന്‍പിലേക്ക് എത്തുകയാണ് ... ജൂലൈ 7th, വ്യാഴാഴ്ച മുതല്‍. ഷാജി കൈലാസ് സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്ത് പറയട്ടെ ' തൂണ് പിളര്‍ന്നും വരും ' അതാണ് ഈ കടുവ. കടുവയെ കാണാന്‍ ഇന്ന് തന്നെ ടിക്കറ്റു ബുക്ക് ചെയ്യൂ.ഒരുപാട് അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നില്ല. വലിയ തള്ളല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷെ ഒരുറപ്പ് കടുവ ഒരു പക്കാ മാസ്സ് എന്റര്‍ടൈനറാണ്. സിനിമകള്‍ വിജയിക്കട്ടെ. തീയേറ്ററുകള്‍ ഉണരട്ടെ. ജയ് ജയ് കടുവ. CENSORED WITH U/A. ശേഷം ഭാഗം സ്‌ക്രീനില്‍.

പൃഥ്വിരാജും റിലീസ് വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'എല്ലാ തടസങ്ങളേയും ഭേദിച്ച് കടുവ ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തുന്നു. ബുക്കിംഗ് ഓപ്പണ്‍ ചെയ്യാന്‍ വൈകിയതിനും കാത്തിരിക്കേണ്ടി വന്നതിനും നിങ്ങളോട് ക്ഷമ ചോദിക്കുന്നു. നിയമപരമായ പ്രശ്‌നങ്ങളാല്‍ ഞങ്ങള്‍ക്ക് കുറച്ച് കാത്തിരിക്കേണ്ടി വന്നു. ഇനി നാടന്‍ അടി' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്ന് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിലാണ് കടുവ നിര്‍മിക്കുന്നത്. ഫാര്‍സ് ഫിലിംസാണ് യുഎഇയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in