​'ഗോഡ് ഈസ് ഡെഡ് ', ഡിസി ഈസ് ബാക്ക് ; സ്നെെഡർ കട്ട് ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

​'ഗോഡ് ഈസ് ഡെഡ് ', ഡിസി ഈസ് ബാക്ക് ; സ്നെെഡർ കട്ട് ട്രെയിലർ ഏറ്റെടുത്ത് ആരാധകർ

ഈ വർഷത്തെ ഏറ്റവും വലിയ ഹോളിവുഡ് റിലീസുകളിലൊന്നായ 'ജസ്റ്റിസ് ലീ​ഗ് സ്നെെഡേഴ്സ് കട്ടി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡിസി കോമിക്സിന്റെ ആരാധകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും.

ഡിസിയുടെ 2017ൽ പുറത്തിറങ്ങിയ 'ജസ്റ്റിസ് ലീ​ഗ്' എന്ന ചിത്രത്തിന്റെ ഡയറക്ടേഴ്സ് കട്ടാണ് സ്നെെഡേഴ്സ് കട്ട്. ചിത്രത്തിന്റെ പ്രീക്വലുകളായ 'മാൻ ഓഫ് സ്റ്റീൽ', 'ബാറ്റ്മാൻ വേർസസ് സൂപ്പർമാൻ' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സ്നെെഡർ ജസ്റ്റിസ് ലീ​ഗിന്റെ ആദ്യ സംവിധായകനായിരുന്നു. ചിത്രം പൂർത്തീകരിക്കുന്നതിന് മുൻപ് മകളുടെ മരണത്തെ തുടർന്ന് സ്നെെഡർ ചിത്രത്തിൽ നിന്ന് പിന്മാറി, തുടർന്ന് മാർവലിന്റെ അവഞ്ചേഴ്സ് അടക്കമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്ത ജോസ് വീഡനായിരുന്നു ചിത്രം പൂർത്തിയാക്കിയത്.

സ്നെെഡറിന്റേതായി പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന മൂന്നരമണിക്കൂർ ദെെർഘ്യമുള്ള സൂപ്പർഹീറോ എപ്പിക് ചിത്രത്തിന് പകരം രണ്ട് മണിക്കൂർ ദെെർഘ്യമുള്ള ജസ്റ്റിസ് ലീ​ഗ് തിയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർക്ക് നിരാശയായിരുന്നു ഫലം. തുടർന്ന് പലതവണയായി ആരാധകരും താരങ്ങളും ചിത്രത്തിന്റെ 'സ്നെെഡേഴ്സ് കട്ട്' വേണമെന്ന് ക്യാമ്പയിന് നടത്തിയിരുന്നു. തുടർന്നാണ് എച്ച്ബിഒ മാക്സ് ചിത്രം ഏറ്റെടുക്കുമെന്ന് അറിയിച്ചത്. ആദ്യം മിനി സീരീസായിട്ടായിരിക്കും 'സ്നെെഡേഴ്സ് കട്ട്' റിലീസ് ചെയ്യുക എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചിത്രം മാർച്ച് 18ന് എച്ച്ബിഒ മാക്സിലൂടെ റിലീസ് ചെയ്യും.

ജോസ് വീഡൻ ഒരുക്കിയ ചിത്രത്തിൽ നിന്ന് മാറി സ്നെെഡറുടെ മുൻ ചിത്രങ്ങളുടെ തുടർച്ച ചിത്രത്തിനുണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. 2017ൽ പുറത്തിറങ്ങിയ ജസ്റ്റിസ് ലീ​ഗിൽ ഫ്ളാഷ്, സെെബോർ​ഗ് തുടങ്ങിയ ക്യാരക്ടേഴ്സിന്റെ ബാക്സ്റ്റോറി പൂർണമായും ഒഴിവാക്കിയിരുന്നു. സ്നെെഡേഴ്സ് കട്ടിൽ അത് കാണാനാവും, ഒപ്പം സൂയിസെെഡ് സ്ക്വാഡിലെ ജോക്കറും ജസ്റ്റിസ് ലീ​ഗിലൂടെ ഡിസിയിൽ തിരിച്ചെത്തും.

ആരാധകരുടെ മാസ് പെറ്റീഷനും, ഹാഷ്ടാ​ഗ് ക്യാമ്പയിനുകൾക്കും ശേഷമെത്തുന്ന ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്ന് തന്നെയാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

The Cue
www.thecue.in