ഇരക്കൊപ്പമെന്ന് പറയാന്‍ എളുപ്പം, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല: ജോയ് മാത്യു

ഇരക്കൊപ്പമെന്ന് പറയാന്‍ എളുപ്പം, എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല: ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാചന്ദ്രകുമാറിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ആക്രമണം അതിജീവിച്ച നടി സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത് ചര്‍ച്ചയാവുന്നു. അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായെന്ന അതിജീവിതയുടെ വാക്കുകള്‍ ഇന്നലെ നിരവധി പേര്‍ പങ്കുവെക്കുകയുണ്ടായി. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ നടന്‍ ജോയ് മാത്യുവും വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. 'ഇരക്കൊപ്പം എന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയുവാന്‍ ആരുമില്ല', എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ നടിയുടെ പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. എന്നാല്‍ ആരും തന്നെ ദിലീപിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയിട്ടില്ല. ഡബ്ല്യു.സി.സി അംഗങ്ങളും നടിക്കൊപ്പം കേസിന്റെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്ന വ്യക്തികളും അല്ലാതെ മറ്റാരും തന്നെ ഈ വിഷയത്തെ കുറിച്ച് വാചാലരാവാത്ത സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ വിമര്‍ശനാത്മകമായ കുറിപ്പ്.

user

അതേസമയം, ദിലീപിനെതിരെ കേസിലെ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ പുനരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആക്രമിക്കപ്പെട്ട നടി തന്റെ അതിജീവനത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചത്.

നടി പറഞ്ഞത്:

കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും, തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടെയും സ്‌നഹത്തിന് നന്ദി.

The Cue
www.thecue.in