ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല: ജോയ് മാത്യു

ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല: ജോയ് മാത്യു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് നടന്‍ ജോയ് മാത്യു. ഇന്നലെ സമൂഹമാധ്യമത്തില്‍ ആക്രമണം അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് ജോയ് മാത്യു കുറിപ്പ് പങ്കുവെച്ചിരുന്നു. അതിന് താഴെ വന്ന കമന്റുകള്‍ക്ക് മറുപടി പുതിയ കുറിപ്പിലൂടെ മറുപടി നല്‍കുകയാണ് ജോയ് മാത്യു.

ദിലീപ് വിഷയത്തില്‍ തന്റെ നിലപാട് 2017ല്‍ തന്നെ വ്യക്തമാക്കിയതാണ്. ദിലീപിനോട് സഹകരിക്കാത്തതിനാല്‍ തനിക്ക് അയാളുമായി അടുപ്പമുള്ളവരുടെ സിനിമയില്‍ അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴില്‍ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ്ബുക്കില്‍ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേര്‍ 'താങ്കള്‍ ആദ്യം തുടങ്ങൂ 'എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല .(Times of India .12/7/2017)

കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ല.

അതിജീവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച് കുറിപ്പ് പങ്കുവെച്ചുകൊണ്ട് സിനിമ മേഖലയില്‍ നിന്ന് വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇരക്കൊപ്പമാണ് എന്ന് പറയാന്‍ എളുപ്പമാണെന്നും കുറ്റവാളിയുമായി സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നുമാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം നിരവധി താരങ്ങള്‍ അതിജീവിതയുടെ പോസ്റ്റ് പങ്കുവെക്കുകയുണ്ടായി. എന്നാല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള പിന്തുണ മാത്രം പോരെന്ന് ഡബ്ല്യു.സി.സിയും വ്യക്തമാക്കിയിരുന്നു.

The Cue
www.thecue.in