'ജനഗണമന' ഒരു പാർട്ടിക്കും എതിരെയുള്ള സിനിമയല്ല, കൊടിയുടെ നിറം മനഃപൂർവം ഫിറ്റ് ചെയ്തതുമല്ല; ഡിജോ ജോസ് ആന്റണി, ഷാരിസ് മുഹമ്മദ്

'ജനഗണമന' ഒരു പാർട്ടിക്കും എതിരെയുള്ള സിനിമയല്ല, കൊടിയുടെ നിറം മനഃപൂർവം ഫിറ്റ് ചെയ്തതുമല്ല; ഡിജോ ജോസ് ആന്റണി, ഷാരിസ് മുഹമ്മദ്

'ജനഗണമന' ഒരു പ്രൊപഗാന്റ സിനിമയല്ലന്ന് സംവിധായകൻ ഡിജോ ജോസ് ആന്റണിയും, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദും ദ ക്യു ഷോ ടൈമിൽ പറഞ്ഞു. 'രംഗ് ദേ ബസന്തി', 'കൈ പോ ചെ' പോലെയുള്ള സിനിമകളായിരുന്നു 'ജനഗണമന' ഒരുക്കുന്നതിനുള്ള പ്രചോദനമെന്നും, സിനിമയിൽ ഒരു പാർട്ടിയെയും മനഃപൂർവം ക്രൂശിക്കുന്നില്ലായെന്നും കൂട്ടി ചേർത്തു.

ഡിജോ ജോസ് ആന്റണിയുടെയും ഷാരിസ് മുഹമ്മദിന്റെയും വാക്കുകൾ

ഞങ്ങളുടെ പ്രൊപഗാന്റ എന്റർടൈൻമെന്റാണ്, മെസ്സേജ് കൊടുക്കൽ അല്ല. ഇത് സിനിമയാണ്. അതുകൊണ്ടാണ് സിനിമയുടെ തുടക്കത്തിൽ ഡയറക്ടേഴ്സ് നോട്ടിൽ എഴുതിയത്, 'സിനിമയൊരു ഇമോഷനാണ്, എന്റർടൈൻമെന്റാണ്' എന്നാണ്. ഇപ്പോഴും ഓർക്കുന്നത് 'രംഗ് ദേ ബസന്തി'യാണ്. ആ സിനിമ കണ്ടപ്പോൾ ഏത് പാർട്ടിക്ക് എതിരെയാണ് സിനിമ എന്ന രീതിയിലല്ല കണ്ടത്. 'രംഗ് ദേ ബസന്തി' കണ്ടു കഴിഞ്ഞപ്പോൾ നമ്മുടെയുള്ളിൽ ഒരു തീ കൊളുത്താൻ സിനിമയ്ക്ക് സാധിച്ചു എന്നതാണ് പ്രധാനപ്പെട്ടത്. ക്വീൻ ചെയുന്ന സമയത്താണെങ്കിലും ഞങ്ങളുടെ ചർച്ചകളിൽ 'രംഗ് ദേ ബസന്തി', 'കൈ പോ ചെ' പോലെയുള്ള സിനിമകളായിരുന്നു. ഇതൊന്നും പാർട്ടി പ്രൊപഗാന്റ സിനിമകളല്ലല്ലോ.

'ജനഗണമന' കണ്ടു കഴിഞ്ഞ് രാമനഗരയിലെ പല ഭാഷ സംസാരിക്കുന്ന മനുഷ്യരെ കുറിച്ച് പലരും ചോദിച്ചിരുന്നു. രാമനഗരയെ ഞങ്ങൾ പ്ലെയ്സ് ചെയ്തത് ഒരു ബോർഡറിലുള്ള നാടായിട്ടാണ്. ഒരു ഇന്ത്യൻ അപ്പീൽ കൊണ്ട് വരാനാണ് അങ്ങനെ ചെയ്തത്. പല ഭാഷ സംസാരിക്കുന്ന ആളുകളെല്ലാം ഇതിന്റെ ഭാഗമായി തന്നെ വന്നതാണ്. സിനിമയിൽ എന്തായാലും രാഷ്ട്രീയ പാർട്ടികൾ വേണം പക്ഷെ കൊടിയുടെ നിറം മനഃപൂർവം ഫിറ്റ് ചെയ്തതല്ല. നാഷണൽ ലെവലിൽ അറിയുന്ന ഒരു പാർട്ടിയെയാണ് സിനിമയിൽ നമ്മുക്ക് വേണ്ടത്. അല്ലാതെ അവരെ നമ്മൾ സിനിമയിൽ ക്രൂശിക്കുന്നില്ല. ഒരു പാർട്ടിക്ക് എതിരെയുള്ള സിനിമയല്ല ജനഗണമന.

'ദ കശ്മീർ ഫയൽസ്' പോലെയുള്ള സിനിമകൾ ഞങ്ങൾ കണ്ടിട്ടില്ല. പക്ഷെ ജനഗണമന ഒരു പ്രൊപഗാന്റ സിനിമയായി അറിയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇതൊരു ഇന്ത്യൻ സിനിമയാണ്. ഞങ്ങൾക്ക് ഈ സിനിമക്ക് നികുതിയിൽ ഇളവുകൾ വേണ്ട, ഈ സിനിമക്ക് വേണ്ടിയാരും തലസ്ഥാനങ്ങൾ ഉപേക്ഷിച്ചു വന്ന് പോസ്റ്ററുകൾ ഒട്ടിക്കണ്ട, സാധാരണ മലയാളത്തിലിറങ്ങുന്ന ഇരുന്നൂറു സിനിമകളിൽ ഒന്ന് മാത്രമാണ് ജനഗണമന.