'ഹൃദയം' റിലീസില്‍ മാറ്റമില്ല; കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലാണ് തീരുമാനമെന്ന് മെരിലാന്റ് സിനിമാസ്

'ഹൃദയം' റിലീസില്‍ മാറ്റമില്ല; കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാലാണ് തീരുമാനമെന്ന് മെരിലാന്റ് സിനിമാസ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ഹൃദയം ജനുവരി 21ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ റിലീസ് മാറ്റിവെച്ചുവെന്ന വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

'ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍ സണ്ടേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍, 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.' - എന്നാണ് മെറിലാന്റ് സിനിമാസ് പങ്കുവെച്ച ഔദ്യോഗിക പോസ്റ്റ്.

ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, ജോണി ആന്റണി , അശ്വത്ത് ലാല്‍,വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെരിലാന്‍ഡ് സിനിമാസിന്റെ വിശാഖ് സുബ്രഹ്‌മണ്യമാണ് നിര്‍മ്മാണം.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടും, ടൊവിനോ തോമസിന്റെ നാരദനും റിലീസ് നീട്ടി. ജനുവരി 14നാണ് സല്യൂട്ട് റിലീസ് ചെയ്യാനിരുന്നത്. നാരദന്‍ ജനുവരി 27നും.

The Cue
www.thecue.in