ഒലിവര്‍ ട്വിസ്റ്റ് ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്; 'ഹോം' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

ഒലിവര്‍ ട്വിസ്റ്റ് ഇനി ബോളിവുഡ് പ്രേക്ഷകരിലേക്ക്; 'ഹോം' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം വലിയ രീതിയില്‍ പ്രേക്ഷക പ്രീതി ലഭിച്ച ചിത്രമായിരുന്നു. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിനാല്‍ തന്നെ ചിത്രം കേരളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഹോം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചിരിക്കുകയാണ്.

വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റാണ് ഹോം റീമേക്ക് ചെയ്യുന്നത്. വിദ്യാ ബാലന്‍ ചിത്രം ഷേര്‍ണി, ശകുന്ദള ദേവി, എയര്‍ലിഫ്റ്റ്, ടോയിലറ്റ് ഏക് പ്രേം കഹാനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റ്.

അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദി റീമേക്കിലൂടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും വിജയ് ബാബു അഭിപ്രായപ്പെട്ടു.

'21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മുംബൈയില്‍ എന്റെ കരിയര്‍ തുടങ്ങുമ്പോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച് ഫീച്ചര്‍ വരുന്നത് സ്വപ്‌നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. ഹോം ആ സ്വപ്‌നങ്ങള്‍ സത്യമാക്കിയിരിക്കുകയാണ്. എന്റെ ഈ യാത്രയില്‍ ഭാഗമായ എല്ലാവരെയും ഞാന്‍ ഈ സമയത്ത് ഓര്‍ക്കുകയാണ്. ജീവിതത്തിലെ ഉയര്‍ച്ചകളും താഴ്ച്ചകളും എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഹിന്ദി റീമേക്കിലൂടെ ഹോം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയാണുള്ളത്.' - വിജയ് ബാബു

അതേസമയം ഹോം എന്ന വളരെ പ്രസക്തവും മനോഹരവുമായി സിനിമ റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റ് സിഇഓ വിക്രം മല്‍ഹോത്ര പറഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രസ്‌കതമായ കഥയാണ് ഹോം പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം വീണ്ടും ഫ്രൈഡേ ഫിലിം ഹൗസുമായി സിനിമ ചെയ്യാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in