ഡീഗ്രേഡിങ്ങ് ഗുണം ചെയ്തു, ഒഴിഞ്ഞ മനസോടെ തിയേറ്ററിലെത്തിവര്‍ക്ക് മരക്കാര്‍ ഇഷ്ടപ്പെട്ടു: ഹരീഷ് പേരടി

ഡീഗ്രേഡിങ്ങ് ഗുണം ചെയ്തു, ഒഴിഞ്ഞ മനസോടെ തിയേറ്ററിലെത്തിവര്‍ക്ക് മരക്കാര്‍ ഇഷ്ടപ്പെട്ടു: ഹരീഷ് പേരടി

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സമൂഹമാധ്യമത്തില്‍ സിനിമയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ എന്ന സിനിമയെ അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഡീഗ്രേഡിങ്ങ് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് നടന്‍ ഹരീഷ് പേരടി പറയുന്നത്.

സമൂഹമാധ്യമത്തില്‍ സിനിമയെ കുറിച്ച് മോശം അഭിപ്രായം കണ്ട് ഒട്ടും പ്രതീക്ഷയില്ലാതെ ഒഴിഞ്ഞ മനസോടെ സിനിമ കണ്ട് പ്രേക്ഷകര്‍ക്ക് മരക്കാര്‍ ഇഷ്ടപ്പെടുകയാണ് ചെയ്തത്. അത് യഥാര്‍ത്ഥത്തില്‍ സിനിമയ്ക്ക് ഗുണം ചെയ്തുവെന്നാണ് ഹരീഷ് ദ ക്യുവിനോട് പറഞ്ഞത്. മരക്കാറില്‍ മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

ഹരീഷ് പേരടി പറഞ്ഞത്:

മരക്കാറിന് വരുന്ന ഡീഗ്രേഡിങ്ങ് നല്ലതായാണ് ഞാന്‍ കാണുന്നത്. അവര്‍ ചെയ്യുന്നത് അനാവശ്യമായ ഡീഗ്രേഡിങ്ങാണെന്ന് വായിക്കുന്നവര്‍ക്കെല്ലാം മനസിലാകുന്നുണ്ട്. ഇതെല്ലാം വായിച്ച് കഴിയുമ്പോള്‍ ഒരു സാധാരണ പ്രേക്ഷകന്റെ മനസിലെ പ്രതീക്ഷകളെല്ലാം ഇല്ലാതാവുകയാണ്. എങ്കിലും നൂറ് കോടിയുടെ സിനിമയല്ലെ. അപ്പോള്‍ ഒന്ന് പോയി കാണാം എന്ന മനസോടെയാണ് അവര്‍ സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നത്. അങ്ങനെ ഒഴിഞ്ഞ മനസോടെ സിനിമ കാണാന്‍ എത്തിയവര്‍ പൂര്‍ണ്ണ സംതൃപ്തരാവുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഈ ഡീഗ്രേഡിങ്ങ് സിനിമയ്ക്ക് ഗുണം ചെയ്യുകയാണ് ഉണ്ടായത്.

ഒരുപാട് മനുഷ്യരുടെ അധ്വാനം എല്ലാ സിനിമകളിലും ഉണ്ട്. പക്ഷെ അതിലപ്പുറം മലയാള സിനിമയെ ലോക സിനിമയുടെ മുന്നില്‍ ആ രീതിയില്‍ അവതരിപ്പിക്കുന്ന സിനിമയാണിത്. അതുകൊണ്ട് ആരൊക്കെ മരക്കാറിനെ ഡീഗ്രേഡ് ചെയ്യുന്നോ അവര്‍ അവരെ തന്നെയാണ് ഡീഗ്രേഡ് ചെയ്യുന്നത്. ഇപ്പോള്‍ എംടി സാറിന്റെ രണ്ടാംമൂഴം സിനിമയായി കാണാന്‍ ഓരോ മലയാളിയും ആഗ്രഹിക്കും. അതെല്ലാം സാധ്യമാകാനുള്ള തുടക്കമാണ് കുഞ്ഞാലി മരക്കാര്‍. ആരാണ് കുഞ്ഞാലി മരക്കാര്‍ എന്ന അറിയാത്ത കേരളത്തിന് പുറത്തുള്ള ഒരു വലിയ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്കാണ് ഈ സിനിമ എത്തുന്നത്. അതുകൊണ്ട് ചില സിനിമകള്‍ കാണുക എന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത്തരത്തില്‍ പെട്ട സിനിമയാണ് മരക്കാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in