എംടി-മഹേഷ് നാരായണന്‍ ചിത്രം 'ഷെര്‍ലക്ക്'; ഫഹദിന്റെ ചേച്ചിയായി നദിയ മൊയ്ദു, ചിത്രീകരണം കാനഡയില്‍

എംടി-മഹേഷ് നാരായണന്‍ ചിത്രം 'ഷെര്‍ലക്ക്'; ഫഹദിന്റെ ചേച്ചിയായി നദിയ മൊയ്ദു, ചിത്രീകരണം കാനഡയില്‍

എം.ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജിയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനുവരിയില്‍ തുടക്കം. കാനഡയില്‍ വെച്ചാണ് ചിത്രീകരണം നടക്കുക. എംടിയുടെ ഷെര്‍ലക്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

എം.ടി. വാസുദേവന്‍നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നാണ് ഷെര്‍ലക്ക്. ഷെര്‍ലക്ക് ഒരു പൂച്ചയുടെ പേരാണ്. ജോലി തേടി അമേരിക്കയിലുള്ള ചേച്ചിയുടെ വീട്ടിലെത്തിയ ബാലുവിന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് കഥ. വീട്ടില്‍ ചേച്ചിയും ഭര്‍ത്താവും കൂടാതെ ഷെര്‍ലക്ക് എന്ന അവരുടെ വളര്‍ത്തുപൂച്ച കൂടി ഉണ്ടായിരുന്നു. ചേച്ചിയും ഭര്‍ത്താവും ജോലിക്ക് പോയി കഴിഞ്ഞാല്‍ വീട്ടില്‍ ബാലുവും പൂച്ചയും മാത്രമാണ് ഉണ്ടാവുക. ഷെര്‍ലക്ക് തന്റെ ജീവിതത്തിന് തടസ്സമാകുന്നു എന്നൊരു തോന്നല്‍ ഇടക്കെപ്പോഴോ ബാലുവിന് ഉണ്ടാകുന്നത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ഫഹദ് ഫാസിലാണ് ബാലുവാകുന്നത്. ഫഹദിന്റെ ചേച്ചിയായി നദിയ മൊയ്ദുവും അഭിനയിക്കുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഷെര്‍ലക്ക് ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഫഹദ്, എം.ടി. വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. മൂന്നു മണിക്കൂറോളം ആ കൂടിക്കാഴ്ചയില്‍ ലോക സിനിമയും സാഹിത്യവുമടക്കം ചര്‍ച്ചാവിഷയങ്ങളായി. എം.ടിയുടെ പത്ത് ചെറുകഥകളെ ആന്തോളജിയായി ഒരുക്കുന്നത് നെറ്റ്ഫ്‌ലിക്‌സാണ്.

Related Stories

No stories found.
logo
The Cue
www.thecue.in