കുറുപ്പ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സല്യൂട്ട് പിന്നിലാക്കുമോ?, കാക്കിയിട്ട് ദുല്‍ഖര്‍ ജനുവരി 14ന് തീയറ്ററുകളിലേക്ക്‌

കുറുപ്പ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സല്യൂട്ട് പിന്നിലാക്കുമോ?, കാക്കിയിട്ട് ദുല്‍ഖര്‍ ജനുവരി 14ന് തീയറ്ററുകളിലേക്ക്‌

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സല്യൂട്ട്' ജനുവരി 14ന് തീയറ്ററുകളിലെത്തുന്നു. സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചു. മുംബൈ പോലീസിന് ശേഷം ബോബി-സഞ്ജയുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. കുറുപ്പ് നേടിയ തിയറ്റര്‍ വിജയത്തിന് പിന്നാലെ വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജേക്‌സ് ബിജോയിയാണ് സംഗീതമൊരുക്കുന്നത്.

കുറുപ്പ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സല്യൂട്ട് പിന്നിലാക്കുമോ എന്ന കാത്തിരിപ്പ് കൂടി സല്യൂട്ട് എന്ന സിനിമക്കൊപ്പമുണ്ട്. കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതായിരുന്നു കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് ഫിയോക് പ്രസിഡന്റും തിയറ്ററുടമയുമായ വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

കുറുപ്പ് നാല് ദിവസം കൊണ്ടാണ് അമ്പത് കോടി ക്ലബില്‍ ഇടം നേടിയത്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുമോ എന്ന ആശങ്കയ്ക്ക് മാറ്റം വരുത്തിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്.

1500 തിയറ്ററുകളിലായി നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തില്‍ മാത്രം 450 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസുണ്ടായിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നായിരുന്നു.

ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം - അസ്‌ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്‍, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സിദ്ധു പനയ്ക്കല്‍

The Cue
www.thecue.in