'ഒരേ ഒരു ഷാരൂഖ് ഖാനെ ഉള്ളൂ, ഷാരൂഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം'; ദുല്‍ഖര്‍ സല്‍മാന്‍

'ഒരേ ഒരു ഷാരൂഖ് ഖാനെ ഉള്ളൂ, ഷാരൂഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം'; ദുല്‍ഖര്‍ സല്‍മാന്‍

ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വീര്‍സാരയിലെ ഷാരൂഖ് ഖാന്റെ പ്രകടനത്തെ സീതാ രാമത്തിലെ ദുല്‍ഖറിന്റെ പ്രകടനവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു താരം പ്രതികരിച്ചത്.

'ഷാരൂഖ് ഖാന്‍ എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ്. ആളുകളുമായി ഇടപെടുന്നതില്‍ ഷാറുഖ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഷാറുഖ് ഖാനുമായി എന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാറുഖ് മാത്രമേ ഉണ്ടാകൂ,' ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

'ആളുകള്‍ നിറഞ്ഞ ഒരു മുറിയില്‍ പോലും ഷാറുഖ് വളരെയധികം ശ്രദ്ധയോടെയാണ് പെരുമാറുന്നത്. ആ സമയം അദ്ദേഹം നിങ്ങളോട് സംസാരിക്കുകയാണെങ്കില്‍ ആ മുറിയില്‍ നിങ്ങള്‍ മാത്രമേയുള്ളൂ എന്ന് പോലും തോന്നിപ്പോകും. ഷാറുഖിന്റെ സിനിമകള്‍ വളരെയധികം ഇഷ്ടമാണ്. സഹോദരിയോടൊപ്പം തിയറ്ററില്‍ പോയി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാറുഖ് ഖാന്‍ എല്ലാവര്‍ക്കും ഒരു വലിയ മാതൃകയാണെന്നും' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഹനു രാഘവപുടി സംവിധാനം ചെയ്ത സീത രാമമാണ് അവസാനമായി റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ മൃണാള്‍ ഠാക്കുര്‍, രശ്മിക മന്ദാന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ആര്‍. ബാല്‍ക്കിയുടെ ചുപ്പ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന ദുല്‍ഖര്‍ സിനിമ. സെപ്റ്റംബര്‍ 23നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

Related Stories

No stories found.
The Cue
www.thecue.in