'ഡ്രൈവ് ഇൻ സിനിമ’ കേരളത്തിലും, ഇനി കാറിലിരുന്ന് സിനിമ കാണാം

'ഡ്രൈവ് ഇൻ സിനിമ’ കേരളത്തിലും, ഇനി കാറിലിരുന്ന്  സിനിമ കാണാം

ലോക്ഡൗണിൽ നിന്നുപോയ തീയറ്റർ എക്സ്പീരിയൻസ് ഇനി കാറിനുള്ളിൽ ആസ്വദിക്കാം. തുറസ്സായ ഇടങ്ങളിൽ കാറുകളിൽത്തന്നെയിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാവുന്ന സംവിധാനമാണ് ‘ഡ്രൈവ് ഇൻ സിനിമ’. കൊവിഡിൽ തീയറ്ററുകളിലെ സിനിമാ പ്രദർശനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നപ്പോൾ ബദൽ മാർ​ഗമായി ‘ഡ്രൈവ് ഇൻ സിനിമ’ കൊച്ചിയിലേയ്ക്കും.

‘ഡ്രൈവ് ഇൻ സിനിമ’ ആശയത്തിന്റെ തുടക്കം

1932-ൽ അമേരിക്കയിലാണ് ആദ്യ ഡ്രൈവ് ഇൻ സിനിമ പ്രദർശനം നടക്കുന്നത്. ‘കുടുംബസമേതം വരൂ, കുട്ടികളുടെ കരച്ചിൽ ഒരു പ്രശ്നമേയല്ല’ എന്ന പരസ്യ വാചകത്തോടെ ന്യൂ ജഴ്‌സിയിലെ ആർഎം ഹോളിങ്‌സ്‌ ഹെഡ് എന്ന സ്ഥാപനമാണ് കാറിനുളളിലെ സിനിമ എന്ന ആശയത്തിന് തുടക്കമിടുന്നത്. കൊഡാക്‌ പ്രൊജക്ടർ ഉപയോഗിച്ചായിരുന്നു ‘ഡ്രൈവ് ഇൻ സിനിമ’യുടെ ആദ്യ ഷോ. മരങ്ങളിൽ വലിച്ചുകെട്ടിയ തുണിയിലായിരുന്നു പ്രദർശനം. പിന്നീട് അമേരിക്കയിൽ മാത്രം നാലായിരത്തോളം ഡ്രൈവ് ഇൻ സിനിമാ തീയറ്ററുകൾ സജീവമായി. 1950-കളോടെ മറ്റു രാജ്യങ്ങളിലേയ്ക്കും ‘ഡ്രൈവ് ഇൻ സിനിമ വ്യാപകമായി.

കൊവിഡിൽ ‘ഡ്രൈവ് ഇൻ സിനിമ’ യുടെ പ്രാധാന്യം

കൊവിഡ് വ്യാപനത്തിൽ ഏറ്റവുമധികം നഷ്ടം നേരിടുന്ന മേഖലയാണ് സിനിമ. ലോകമെമ്പാടുമുളള സിനിമാ പ്രദർശനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ വരുകയും തീയറ്ററുകൾ അടച്ചുപൂട്ടുകയും ചെയ്തതോടെ റിലീസിനായി കരുതിവെച്ച പല സിനിമകളും റിലീസ് നീട്ടിവെച്ച് തീയറ്റർ തുറക്കുന്നതും കാത്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയുളള റിലീസുകളും സമാന്തരമായി പരീക്ഷിക്കപ്പെടുന്നു. സാമൂഹിക അകലം പാലിച്ച് കൊവിഡ് വ്യാപന ഭീതിയില്ലാതെ വലിയ സ്ക്രീനിൽ സിനിമ കാണാൻ ഒരു അവസരം, എന്ന നിലയ്ക്കാണ് കൊവിഡിനിടയിൽ ‘ഡ്രൈവ് ഇൻ സിനിമ’ എന്ന ആശയം ശ്രദ്ധനേടുന്നത്. കൃത്യമായ അകലത്തിൽ സ്‌ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യാം. എഫ്.എം. റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്താൽ കാറിനുളളിലെ സ്പീക്കറിലൂടെ ശബ്ദവുമെത്തും. ബ്ലൂടൂത്ത് വഴിയും ഇത് സാധ്യമാണ്.

കൊച്ചിയിലെ ‘ഡ്രൈവ് ഇൻ സിനിമ’

സൺസെറ്റ് സിനിമാ ക്ലബ്ബാണ് ‘ഡ്രൈവ് ഇൻ സിനിമ’ കൊച്ചിയിൽ എത്തിക്കുന്നത്. കർശന കോവിഡ് നിയന്ത്രണങ്ങളോടെ തന്നെയാണ് പ്രദർശനം. ഒരു സമയം നാലുപേർക്ക് കാറിനുള്ളിലിരുന്ന് സിനിമ കാണാം. പ്രവേശനസമയത്ത് താപനില പരിശോധിച്ച് സാനിറ്റൈസർ പുരട്ടണം. കാറിനുള്ളിലും മാസ്ക് നിർബന്ധമാണ്. ഇടയിൽ നൽകുന്ന ഇടവേള സമയത്ത് മാത്രമേ കാഴ്ച്ചക്കാർക്ക് കാറിനുളളിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം ലഭിക്കൂ. ‘ഡ്രൈവ് ഇൻ സിനിമ’യുടെ കൊച്ചി റിലീസ് ഞായറാഴ്ച ലെ മെറിഡിയനിൽ വെച്ച് നടക്കും. അടുത്തയാഴ്ച മുതൽ ശനിയും ഞായറും പ്രദർശനങ്ങൾ ഉണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in