ഡോ. ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ ഷാങ്ഹായി ചലച്ചിത്രമേളയിലേക്ക്

ഡോ. ബിജുവിന്റെ ‘വെയില്‍മരങ്ങള്‍’ ഷാങ്ഹായി ചലച്ചിത്രമേളയിലേക്ക്

ഡോ.ബിജു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'വെയില്‍മരങ്ങള്‍'. ഇന്ദ്രന്‍സ് നായകനാകുന്ന ചിത്രം ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ്ഹായി മേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ പ്രധാന മത്സരവിഭാഗമായ 'ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായാണ് വെയില്‍മരങ്ങള്‍ മത്സരിക്കുന്നത്.

112 രാജ്യങ്ങളില്‍ നിന്നുമുള്ള 3964 ചിത്രങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങളാണ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. പ്രശസ്ത ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയാലിന്‍ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്‍മാന്‍ .

അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിര്‍ണ്ണയിക്കുന്ന ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളില്‍ ഒന്നാണ് ഷാങ്ഹായ്ലേത്. ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യന്‍ സിനിമ ഇതിന് മുന്‍പ് മത്സരിക്കുന്നത് 2012 ല്‍ ആയിരുന്നു. ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു അന്ന് മത്സരിച്ചത്.

ജൂണ്‍ 15 മുതല്‍ 24 വരെ നടക്കുന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തില്‍ വളരെ അപൂര്‍വം നടന്മാര്‍ക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രന്‍സ് വെയില്‍മരങ്ങളിലൂടെ ആ അംഗീകാരത്തിന് അര്‍ഹനാകുന്നു എന്ന പ്രത്യകതയും ഈ മേളക്കുണ്ട്. ഇന്ദ്രന്‍സിനെ കൂടാതെ സംവിധായകന്‍ ഡോ.ബിജു, നിര്‍മാതാവ് ബേബി മാത്യു സോമതീരം ,പ്രകാശ് ബാരെ എന്നിവരും മേളയില്‍ പങ്കെടുക്കും.

സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യു സോമതീരം നിര്‍മിച്ച വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷന്‍ സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവല്‍, സംഗീതം ബിജിബാല്‍, കലാസംവിധാനം ജോതിഷ് ശങ്കര്‍, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആര്‍.

Related Stories

No stories found.
logo
The Cue
www.thecue.in