'വെറുപ്പ് താങ്ങാനായില്ല, മാറി നിന്നത് എന്റെ ബലഹീനത'; ശംഷേരയുടെ പരാജയത്തില്‍ സംവിധായകന്‍

'വെറുപ്പ് താങ്ങാനായില്ല, മാറി നിന്നത് എന്റെ ബലഹീനത'; ശംഷേരയുടെ പരാജയത്തില്‍ സംവിധായകന്‍

ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ശംഷേരയുടെ ബോക്‌സ് ഓഫീസ് പരാജയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ കരണ്‍ മല്‍ഹോത്ര. റിലീസിന് ശേഷം സിനിമയ്ക്ക് ലഭിച്ച വെറുപ്പ് തനിക്ക് താങ്ങാനായില്ലെന്നും അതിനാലാണ് സിനിമയെ കുറിച്ച് ഒന്നും പറയാതെ മാറി നിന്നതെന്നും കരണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മാറി നിന്നത് തന്റെ ബലഹീനതയായി കാണുന്നു. പക്ഷെ ഇനി ശംഷേര തന്റെ ചിത്രമാണെന്ന് അഭിമാനത്തോടെ തന്നെ പറയുമെന്നും കരണ്‍ കുറിപ്പിലൂടെ വ്യക്തമാക്കി.

കരണ്‍ മല്‍ഹോത്രയുടെ കുറിപ്പ്:

എന്റെ പ്രിയപ്പെട്ട ശംഷേര, നീ മഹത്വമേറിയതാണ്. ഈ പ്ലാറ്റ്‌ഫോമില്‍ ഞാന്‍ എന്നെ തന്നെ തുറന്ന് കാട്ടേണ്ടത് അത്യാവശ്യമാണ്. കാരണം ഇവിടെയാണ് നിന്നോടുള്ള സ്‌നേഹം, വെറുപ്പ്, ആഘോഷം പിന്നെ കളിയാക്കലുകളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കഴിഞ്ഞ് പോയ ദിവസങ്ങളില്‍ ഞാന്‍ നിന്നെ ഉപേക്ഷിച്ചതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു. ഈ വെറുപ്പ് താങ്ങാന്‍ സാധിക്കാത്തതിനാലാണ് അത് സംഭവിച്ചത്. ആ മാറിനില്‍ക്കല്‍ എന്റെ ബലഹീനതയായിരുന്നു. അതിന് ഒരു ഒഴിവുകഴിവുകളും ഞാന്‍ പറയുന്നില്ല.

പക്ഷെ ഇന്ന് ഞാന്‍ നിന്നോടൊപ്പമുണ്ട്. നീ എന്റേതാണെന്ന് അഭിമാനത്തോടെ പറഞ്ഞുകൊണ്ട് ഞാന്‍ നിന്നോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു. ഇനി നമ്മള്‍ എല്ലാത്തിനേയും ഒരുമിച്ച് നേരിടും. നല്ലതും, ചീത്തതും മോശപ്പെട്ടതും എല്ലാം. അതോടൊപ്പം ശംഷേര കുടുംബത്തിനും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും എന്റെ ആശംസകള്‍. നമുക്ക് ലഭിച്ച സ്‌നേഹവും അനുഗ്രഹവും വളരെ പ്രിയപ്പെട്ടതാണ്. അത് ആര്‍ക്കും നമ്മളില്‍ നിന്ന് തട്ടിയെടുക്കാനാവില്ല. ഷംഷേര എന്റെയാണ്.

യഷ് രാജ് ഫിലിംസാണ് ശംഷേരയുടെ നിര്‍മ്മാതാക്കള്‍. 2022ല്‍ യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങി പരാജയപ്പെടുന്ന മൂന്നാമത്തെ ചിത്രമാണ് ശംഷേര. രണ്‍വീര്‍ സിംഗ് ചിത്രം ജയേഷ്ഭായ് ജോര്‍ദാര്‍, അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജ് എന്നിവയാണ് ബോക്‌സ് ഓഫീസില്‍ പരാജയമായ മറ്റ് ചിത്രങ്ങള്‍.

150 കോടിയാണ് ശംഷേരയുടെ മുതല്‍ മുടക്ക്. ചിത്രം ആദ്യ ആഴ്ച്ചയില്‍ 30 കോടി മാത്രമാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. ആദ്യ ആഴ്ച്ചയില്‍ തന്നെ സിനിമ കാണാന്‍ തിയേറ്ററില്‍ ആളുകള്‍ എത്താത്തിനെ തുടര്‍ന്ന് ഷോ കാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 54 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ 22നാണ് ശംഷേര തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സഞ്ജു സിനിമയ്ക്ക് ശേഷം രണ്‍ബീര്‍ കപൂറിന്റേതായി റിലീസ് ചെയ്ത ചിത്രമാണ് ശംഷേര. വാണി കപൂര്‍, സഞ്ജയ് ദത്ത് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

Related Stories

No stories found.
The Cue
www.thecue.in