'ഇത് ഞാന്‍ ചെയ്താല്‍ മതിയോ എന്ന് ആന്‍ അഗസ്റ്റിന്‍ ചോദിച്ചു'; ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെ കുറിച്ച് ഹരികുമാര്‍

'ഇത് ഞാന്‍ ചെയ്താല്‍ മതിയോ എന്ന് ആന്‍ അഗസ്റ്റിന്‍ ചോദിച്ചു'; ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെ കുറിച്ച് ഹരികുമാര്‍

എം. മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' അതേ പേരില്‍ സിനിമയാവുന്നു. ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനും സുരാജ് വെഞ്ഞാറമൂടുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഒരിടവേളക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക് മടങ്ങി വരുന്ന സിനിമ കൂടിയാണിത്. എം. മുകുന്ദന്‍ ആദ്യമായി തിരിക്കഥ എഴുതുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ 'ഈ കഥാപാത്രം ഞാന്‍ ചെയ്താല്‍ മതിയോ' എന്നായിരുന്നു ആന്‍ അഗസ്റ്റിന്റെ പ്രതികരണമെന്ന് ഹരികുമാര്‍ ദ ക്യുവിനോട് പറഞ്ഞു. സിനിമയിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ആന്‍ അഗസ്റ്റിന്റേത്. രണ്ട് വര്‍ഷം മുമ്പ് തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നിരവധി താരങ്ങളെ നായിക സ്ഥാനത്തേക്ക് ചിന്തിച്ചിരുന്നു. അടുത്തിടെയാണ് ആന്‍ അഗസ്റ്റിനെ കുറിച്ച് ചിന്തിച്ചതെന്നും ഹരികുമാര്‍ പറയുന്നു.

'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വായിച്ചപ്പോള്‍ അതിന് സിനിമ സാധ്യതയുണ്ടെന്ന് തോന്നി

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വായിച്ചപ്പോള്‍ തന്നെ അതില്‍ ഒരു സിനിമ സാധ്യതയുണ്ടെന്ന് തോന്നി. പിന്നെ മുകുന്ദേട്ടന്‍ എനിക്ക് വളരെ പരിചയമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ വിൡച്ച് ചോദിച്ചു. അപ്പോഴേക്കും മറ്റാരൊക്കെയോ സിനിമയാക്കുന്നതിന് വേണ്ടി കഥ ചോദിച്ചിരുന്നെങ്കിലും ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് തരുകയായിരുന്നു.

മുകുന്ദേട്ടനോട് തിരക്കഥ എഴുതാന്‍ ഞാനാണ് ആവശ്യപ്പെട്ടത്

പിന്നെ അദ്ദേഹത്തോട് തിരക്കഥ എഴുതണമെന്ന് ആവശ്യപ്പെട്ടത് ഞാന്‍ തന്നെയാണ്. ആദ്യം എന്നോട് തന്നെ തിരക്കഥ എഴുതിക്കോളു എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ ഞാന്‍ അദ്ദേഹത്തോട് തിരക്കഥ എഴുതിക്കൂടെ എന്ന് ചോദിച്ചു. ഒരുപാട് സിനിമകള്‍ ഒക്കെ കാണുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. മുകുന്ദേട്ടന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മേഖല അല്ല തിരക്കഥയെന്നാണ്. എഴുതണമെങ്കില്‍ അതേ കുറിച്ച് പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒരുമിച്ച് എഴുതാം എന്ന് പറയുകയായിരുന്നു.

തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഒരുപാട് സമയം എടുത്തു. എഴുതാന്‍ വേണ്ടി ഇരുന്നത് മാത്രം ഏകദേശം 82 ദിവസങ്ങളാണ്. അതിന് പുറമെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഫോണിലൂടെയും അല്ലാതെയും നടത്തിയിരുന്നു. കണ്ണൂരും, കോഴിക്കോടും, തൃശൂരും അങ്ങനെ പല സ്ഥലങ്ങളിലായാണ് ഞങ്ങള്‍ തിരക്കഥ എഴുതാന്‍ ഇരുന്നത്. 82 ദിവസം മാത്രമല്ല. കാരണം ഇതിന് വേണ്ടി റൂമെടുത്ത് ഇരുന്ന ദിവസങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. ഒരു രണ്ട് മൂന്ന് വര്‍ഷമായി സിനിമയ്ക്ക് വേണ്ടിയുള്ള ജോലികള്‍ ആരംഭിച്ചിട്ട്. ശരിക്കും 2020ല്‍ ചെയ്യേണ്ട സിനിമയായിരുന്നു. സുരാജിനെ 2020 ജനുവരിയില്‍ ബുക്ക് ചെയ്തതാണ്.

ഹീറോ പരിവേശമില്ലാത്ത നായകനായതിനാലാണ് സുരാജിനെ തിരഞ്ഞെടുത്തത്

സുരാജിനോട് കഥ പറയുന്നത് 2019 ഡിസംബറിലാണ്. അന്ന് സുരാജിന് കഥ ഇഷ്ടപ്പെട്ടു. പിന്നീടാണ് ഞാന്‍ നിര്‍മ്മാതാവിനെ കണ്ടെത്തിയത്. ഡിസംബര്‍ അവസാനത്തോടെ സുരാജിന് അഡ്വാന്‍സും കൊടുത്തിരുന്നു. അന്ന് സുരാജ് പറഞ്ഞത് മാര്‍ച്ചില്‍ ഷൂട്ടിങ്ങ് തുടങ്ങാമെന്നാണ്. പിന്നെ അന്ന് സുരാജ് ഇന്നത്തെ പോലെ ഹീറോ ആയിട്ടില്ല. ആ കഥാപാത്രം ചെയ്യേണ്ടത് ഒട്ടും ഹീറോയിസം ഇല്ലാത്ത ആളാണ്. ഒരു ഹീറോ ഇമേജ് ഉള്ള വ്യക്തിയെ ആ കഥാപാത്രത്തിന് പറ്റില്ല. വളരെ അലസനായ കഥാപാത്രമാണ്. 35 വയസായിട്ടും കല്യാണം കഴിക്കാത്ത വ്യക്തിയാണ്. അപ്പോ അങ്ങനെ ഒരു കഥാപാത്രം ഒരു ഹീറോ പരിവേശമുള്ള അഭിനേതാവിനെ വെച്ച് ചെയ്താല്‍ വിശ്വസിനീയമാവില്ല. എന്റെ എഴുത്തുക്കാരും മാധ്യമപ്രവര്‍ത്തകരുമായ സുഹൃത്തുക്കളും ഈ കഥാപാത്ത്രതിന് വേണ്ടി പറഞ്ഞത് സുരാജിന്റെ പേര് തന്നെയാണ്.

പൊതുവെ ഞാന്‍ ചെയ്ത സിനിമകളിലെല്ലാം തന്നെ അത്തരം ഹീറോ ആയ നയകന്‍ അല്ല ഉണ്ടാവാറ്. മമ്മൂട്ടിയെ വെച്ച് ഞാന്‍ ആറ് സിനിമകളോളം ചെയ്തിട്ടുണ്ട്. മമ്മൂട്ടി അദ്ദേഹത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ നില്‍ക്കുമ്പോഴാണ് സുകൃതവും ഉദ്യാനപാലകന്‍ ഒക്കെ ചെയ്യുന്നത്.

കഥ കേട്ട് ആന്‍ അഗസ്റ്റിന്‍ ചോദിച്ചു, 'ഇത് ഞാന്‍ ചെയ്താല്‍ മതിയോ' എന്ന്

സിനിമയില്‍ ആന്‍ അഗസ്റ്റിന്‍ ആണ് പ്രധാന കഥാപാത്രം. ചെറുകഥ പുറത്തിറങ്ങിയ സമയത്തും സ്ത്രീപക്ഷ എഴുത്തുകാര്‍ ഒരുപാട് പ്രശംസിച്ചിരുന്നു. ആന്‍ അഗസ്റ്റിന് മുന്‍പ് ഒരുപാട് നടിമാരുമായി സംസാരിച്ചിരുന്നു. മലയാളത്തിലെ വളരെ പ്രധാനപ്പെട്ട താരങ്ങളോട് കഥ പറയുകയും ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ പല തിരക്കുകള്‍ കാരണം ഒന്നും ശരിയായി വന്നില്ല. പിന്നെ ഇതിനൊരു ശരിയായ നായികയെ കിട്ടാതെ നമുക്ക് അത് ചെയ്യാനും സാധിക്കില്ല. അങ്ങനെ ഇരിക്കെയാണ് ആന്‍ അഗസ്റ്റിന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണുന്നത്. അപ്പോഴാണ് ഞാന്‍ എന്തുകൊണ്ട് അവര്‍ ആയിക്കൂടാ നായിക എന്ന് ഞാന്‍ ചിന്തിച്ചത്. അങ്ങനെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.

അടുത്ത ദിവസം തന്നെ ഞാനും ആനും നേരിട്ട് സംസാരിച്ചു. ഞാന്‍ അങ്ങനെ അവരോട് സബ്ജക്റ്റ് പറഞ്ഞു. കഥ പകുതിയാക്കിയപ്പോള്‍ ഞാന്‍ അവരോട് താത്പര്യം തോന്നുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോ അവര്‍ പറഞ്ഞു ബാക്കി കൂടെ കേള്‍ക്കണമെന്ന്. അങ്ങനെ രണ്ട് മണിക്കൂറ് എടുത്ത് കഥ പറഞ്ഞു തീര്‍ത്തു. കഥ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെയ്താല്‍ മതിയോ എന്ന് എന്നോട് ചോദിക്കുകയായിരുന്നു. ഇത് ഇത്രയും ഹെവി ക്യാരക്റ്ററല്ലേ, സാറിന് വിശ്വാസമുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു.

സുരാജിന്റെയും ആനിന്റെയും തുല്യപ്രാധാന്യമുളള കഥാപാത്രങ്ങള്‍

ഡിസംബര്‍ ഒന്നിന് ചിത്രീകരണം തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാഹി തലശ്ശേരി ഭാഗത്താണ് ലൊക്കേഷന്‍. ആ ഭാഗത്തെ ഭാഷയും ആളുകളുമൊക്കെയാണ് സിനിമയിലുള്ളത്. മാഹി ടൗണ്‍ തന്നെയാണ് പ്രധാന ലൊക്കേഷനായി വരുന്നത്. പിന്നെ അതിന്റെ പരിസര പ്രദേശങ്ങളും ഉണ്ട്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ ഒന്നും തീരുമാനിച്ചിട്ടില്ല. സന്തോഷ് തുണ്ടിയിലാണ് ക്യാമറ ചെയ്യുന്നത്.

കഥയില്‍ രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം തന്നെയാണ് ഉള്ളത്. സിനിമയിലേക്ക് വരുമ്പോള്‍ സുരാജിന്റെ കഥാപാത്രത്തിന് വളരെ പ്രാധാന്യമുണ്ട്. കഥ കഴിഞ്ഞിട്ട് സിനിമയില്‍ കുറേ കൂടി ഞങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആ ഭാഗങ്ങളിലെല്ലാം ഈ കഥാപാത്രത്തിന് വലിയ പ്രാധാന്യം ഉണ്ട്. ഇത് ഒരു മെയിന്‍സ്ട്രീം എന്ന് പറയപ്പെടാവുന്ന ഒരു സിനിമ തന്നെയാണ്. രണ്ട് പാട്ടൊക്കെയുണ്ട്. പ്രഭാവര്‍മ്മ എഴുതി ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. അതിന്റെ റെക്കോഡിങ്ങ് ഒക്കെ കഴിഞ്ഞു. പിന്നെ നിത്യാ മാമനും പാടിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in