'20 വര്‍ഷത്തിന് ശേഷം ബാലക്കൊപ്പം വീണ്ടുമൊരു യാത്ര': പ്രഖ്യാപനവുമായി സൂര്യ

'20 വര്‍ഷത്തിന് ശേഷം ബാലക്കൊപ്പം വീണ്ടുമൊരു യാത്ര': പ്രഖ്യാപനവുമായി സൂര്യ

സംവിധായകന്‍ ബാലക്കൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ സൂര്യ. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സൂര്യയുടെ അഭിനയ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട വഴിത്തിരുവായിരുന്ന ബാലയുടെ ചിത്രങ്ങള്‍. ബാല സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് സൂര്യയ്ക്ക് നടിപ്പിന്‍ നായകന്‍ എന്ന വിശേഷണം ലഭിക്കുന്നത്.

സൂര്യ തന്നെയാണ് ട്വിറ്ററിലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 'എന്നില്‍ മറ്റാരേക്കാളും വിശ്വാസമര്‍പ്പിച്ച വ്യക്തി. പുതിയ ലേകത്തേക്ക് എന്നെ പരിചയപ്പെടുത്തിയ വ്യക്തി. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആവേശത്തോടെ അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്. എന്റെ പ്രിയ സഹോദരന്‍ ബാലക്കൊപ്പം വീണ്ടും മനോഹരമായൊരു യാത്ര തുടങ്ങുന്നു. എല്ലാവരുടെയും സ്‌നഹവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു' എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

നന്ദ എന്ന ചിത്രമാണ് ബാല ആദ്യമായി സംവിധാനം ചെയ്ത സൂര്യ ചിത്രം. ചിത്രത്തിലെ ടൈറ്റില്‍ റോള്‍ തന്നെയാണ് സൂര്യ അവതരിപ്പിച്ചത്. അതിന് ശേഷം പിതാമഗന്‍, മായാവി എന്നീ ചിത്രങ്ങളും ഇരുവരും ഒരുമിച്ച് ചെയ്തു. പുതിയ ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയുടെ 2ഡി എന്റര്‍ട്ടെയിന്‍മെന്റാണ്.

അതേസമയം ടി.എസ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'ജയ് ഭീമാണ്' റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ ചിത്രം. ആമസോണ്‍ പ്രൈമിലൂടെ നവംബര്‍ 2നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജയ് ഭീം ഒരുക്കിയിരിക്കുന്നത്. 1993ല്‍ അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചന്ദ്രു ഒരു ആദിവാസി സ്ത്രീക്ക് വേണ്ടി നടത്തിയ കേസിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ.