നടിക്കൊപ്പം എന്ന നിലപാടിനാല്‍ ദിലീപിന്റെ സുഹൃത്ത് എനിക്ക് മരണം വിധിച്ചു: ആരോപണവുമായി ആലപ്പി അഷറഫ്

നടിക്കൊപ്പം എന്ന നിലപാടിനാല്‍ ദിലീപിന്റെ സുഹൃത്ത് എനിക്ക് മരണം വിധിച്ചു: ആരോപണവുമായി ആലപ്പി അഷറഫ്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ ആലപ്പി അഷറഫ്. തന്നെയും ലോറി കയറ്റി കൊല്ലുമെന്ന് ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍ ഭീഷണി മുഴക്കിയെന്നാണ് ആലപ്പി അഷറഫ് പറയുന്നത്. ദിലീപിനെതിരെ കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആലപ്പി അഷറഫിന്റെ ആരോപണം.

ആലപ്പി അഷറഫ് പറഞ്ഞത്:

ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു. ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച 'കുട്ടനാടന്‍ മാര്‍പാപ്പ 'എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍. അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് ' അഷ്‌റഫിക്കാ... സൂക്ഷിക്കണെ.. ' എന്ന്.

ഞാനോ... എന്തിന് ...?. ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ. നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതും അയാള്‍ ക്ഷുഭിതനായ്.'ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം'. ഇതായിരുന്നു അയാളുടെ ഭീഷണി. ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി. അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്കിയത്.

അന്ന് ഞാനതത്ര കാര്യമാക്കിയില്ല. ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം.

ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഭീഷണി മുഴക്കി എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

The Cue
www.thecue.in