ലവ് ആക്ഷന്‍ ഡ്രാമ പൊട്ടി പൊളിഞ്ഞ് പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ലവ് ആക്ഷന്‍ ഡ്രാമ പൊട്ടി പൊളിഞ്ഞ് പോകുമല്ലോ എന്ന് വിചാരിച്ചിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് തീയേറ്ററില്‍ വലിയ വിജയമായി മാറിയ സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഒരിക്കലും വിജയിക്കില്ല എന്ന് കരുതിയിരുന്നതായി ധ്യാന്‍ പറയുന്നു.

ലവ് ആക്ഷന്‍ ഡ്രാമ തനിക്ക് ഇഷ്ടപ്പെട്ടില്ല. ചിത്രത്തിന്റെ എഡിറ്റിങ് സമയത്ത് സിനിമ കണ്ട് ഉറങ്ങിപ്പോയിരുന്നു. തന്റെ സിനിമകളൊന്നും തിയേറ്ററില്‍ പോയി കാണാറില്ലെന്നും തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച ഏക സിനിമ ലവ് ആക്ഷന്‍ ഡ്രാമയാണെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍റ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.

ധ്യാന്‍ ശ്രീനിവാസന്‍റെ വാക്കുകള്‍:

ചില സിനിമകള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് പ്രൊഡ്യൂസര്‍ക്ക് ഇഷ്ടപ്പെട്ട ശേഷം ആയിരിക്കുമല്ലോ. അപ്പൊ കഥ കേട്ട് കഴിഞ്ഞ് പ്രൊഡ്യൂസറോടും സംവിധായകനോടും ഇത് ഓടും എന്ന് ഒരു ഉറപ്പും ഇല്ല എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ബന്ധത്തിന്റെ പുറത്ത് അങ്ങനെ ചെയ്ത സിനിമകളും ഉണ്ട്. അതൊന്നും തിയേറ്ററില്‍ ഓടീട്ടുമില്ല.

ഞാന്‍ ഓടില്ല എന്ന് വിചാരിച്ച അത്യാവശ്യം സിനിമകളെല്ലാം ഓടാതെ പോയിട്ടേ ഉള്ളൂ. ഞാന്‍ ഓടൂല എന്ന് കരുതി അത്യാവശ്യം പൈസ കിട്ടിയ സിനിമ ലവ് ആക്ഷന്‍ ഡ്രാമയാണ്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പൊ, അയ്യോ ഇത് പൊട്ടി പൊളിഞ്ഞ് പണ്ടാരം അടങ്ങി പോകുവല്ലോ എന്ന് കരുതി, എന്തുവാ ഇത് എടുത്തുവച്ചിരിക്കുന്നേ എന്നൊക്കെ വിചാരിച്ച സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ.

കാരണം, ഞാന്‍ എഴുതിവച്ച സാധനവും ഷൂട്ട് ചെയ്ത സാധനവും വേറെയാണ്. ഒരുപാട് സമയം എടുത്ത് വിട്ട് വിട്ട് വന്ന് ചെയ്യുന്ന സമയത്ത് നമുക്ക് കണ്ടിന്വിറ്റി ഇല്ല, കട്ടുകള്‍ വേറെ, ആ പടത്തിന്റെ മൊത്തം പരിപാടി തന്നെ മാറിപ്പോയി. എന്നിട്ടും ആ സിനിമ ഓടി. അതില്‍ പ്രധാന കാരണം നിവിന്‍ പോളി നയന്‍താര കോമ്പിനേഷന്‍, പിന്നെ സ്റ്റാര്‍ കാസ്റ്റ്, പാട്ടുകള്‍. ആ സിനിമ ഇഷ്ടപ്പെട്ട ആളുകള്‍ എത്രയോ പേരുണ്ട്. പക്ഷെ, ഇഷ്ടപ്പെടാത്ത എത്രയോ ആളുകള്‍ എന്നെ തെറി പറഞ്ഞിട്ടുമുണ്ട്. ആ ഇഷ്ടപ്പെടാത്തതില്‍ പെടുന്ന പ്രധാന ആള്‍ ഞാനായിരിക്കും.