'ഇത് ലോക്കല്‍ ചാക്സണ്', ദേവദൂതര്‍ ചാക്കോച്ചന്‍ വേര്‍ഷന്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

'ഇത് ലോക്കല്‍ ചാക്സണ്', ദേവദൂതര്‍ ചാക്കോച്ചന്‍ വേര്‍ഷന്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ 'ദേവദൂതര്‍ പാടി' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം വീണ്ടും വൈറല്‍ ആയിരിക്കുകയാണ്. പാട്ടിന് ചാക്കോച്ചന്‍ ചുവട് വെച്ചിരിക്കുന്നതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉത്സവ പറമ്പില്‍ നിന്ന് ദേവദൂതര്‍ എന്ന പാട്ടിന് മൈക്കിള്‍ ചാക്ക്‌സണ്‍ സ്റ്റൈലില്‍ ഡാന്‍സ് കളിക്കുന്ന ചാക്കോച്ചനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറ്റസുകളിലും നിറഞ്ഞു നില്‍ക്കുന്നത്.

നിരവധി പേരാണ് ചാക്കോച്ചനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'ചോക്ലേറ്റ് പയ്യനില്‍ നിന്നും ഒരു അഡാര്‍ പെര്‍ഫോമന്‍സ്', 'ഇത് മൈക്കിള്‍ ചാക്‌സണ്‍ അല്ല, കട്ട ലോക്കല്‍ ചാക്‌സണ്‍', 'എവിടെ ചാക്കോച്ചന്‍ എവിടെ, നിങ്ങളെ കാണാനില്ല ഇതില്‍', 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പാട്ട് കണ്ടു. ഒരു നടന്‍ സ്വന്തം മാനറിസങ്ങള്‍ പൂര്‍ണ്ണമായും മാറ്റി പരകായപ്രവേശം നടത്തുന്ന കാഴ്ച അവിടെ കണ്ടു. കുഞ്ചാക്കോ ബോബന്‍.' ഇത്തരത്തില്‍ ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരുപാട് പേരാണ് താരത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിലെ ടീസറും പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. കാഴ്ച്ചയിലും സംസാരത്തിലുമെല്ലാം ഇതുവരെ ചെയ്തതില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തതയുള്ള കഥാപാത്രമാണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. രാജീവന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധായകന്‍. എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന 'ന്നാ താന്‍ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ പുതിയ നിര്‍മ്മാണ കമ്പനി പങ്കാളിയാകുന്ന ചിത്രവുമാണ് ന്നാ താന്‍ കേസ് കൊട്.

Related Stories

No stories found.
The Cue
www.thecue.in