'സ്വവര്‍ഗ്ഗ അനുരാഗിയായ സൂപ്പര്‍മാന്‍'; വിപ്ലവ പ്രഖ്യാപനവുമായി ഡിസി കോമിക്‌സ്

'സ്വവര്‍ഗ്ഗ അനുരാഗിയായ സൂപ്പര്‍മാന്‍'; വിപ്ലവ പ്രഖ്യാപനവുമായി ഡിസി കോമിക്‌സ്

എണ്‍പത് വര്‍ഷക്കാലമായി സൂപ്പര്‍മാന്‍ എന്ന കോമിക് സൂപ്പര്‍ ഹീറോ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിട്ട്. ഇപ്പോഴിതാ ചരിത്രത്തിലാദ്യമായി സൂപ്പര്‍മാനെ സ്വവര്‍ഗ്ഗ അനുരാഗിയായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഡിസി കോമിക്‌സ്. ഡിസി കോമിക് സീരിസായ 'സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍' അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാന്‍ സ്വവര്‍ഗ്ഗ അനുരാഗിയായി എത്തുന്നത്.

കഴിഞ്ഞ ദിവസമാണ് സൂപ്പര്‍മാന്‍ സൃഷ്ടാക്കളായ ഡിസി കോമിക്‌സ് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. പുതിയ സൂപ്പര്‍മാനും സുഹൃത്തും ചുംബിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. സൂപ്പര്‍മാനായി ഭൂമിയില്‍ എത്തിപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റാണ് പുതിയ ലക്കത്തിലെ സൂപ്പര്‍മാന്‍. കെന്റ് പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായാണ് പ്രണയത്തിലായിരുന്നത്. എന്നാല്‍ ജോണ്‍ കെന്റ് ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്.

അടുത്തമാസം പുറത്തിറങ്ങുന്ന ലക്കത്തിന്റെ ഇതിവൃത്തമെന്താണ് എന്നത് ഡിസി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് കഥ മുന്നോട്ട് പോകുന്നത്. അതേസമയം സ്വവര്‍ഗ്ഗ അനുരാഗി എന്നത് വലിയ മാറ്റം തന്നെയാണെന്ന് കഥാകൃത്തായ ടോം ടെയ്‌ലര്‍ പറഞ്ഞു. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് അവരെ തന്നെ സൂപ്പര്‍മാനിലൂടെ കാണാനുള്ള അവസരം കൂടിയാണിതെന്നും ടോം അഭിപ്രായപ്പെട്ടു.

ഇതാദ്യമായല്ല ഡിസി കോമിക് സീരിസിലെ പ്രധാന കഥാപാത്രങ്ങളെ സ്വവര്‍ഗ്ഗ അനുരാഗികളായി അവതരിപ്പിക്കുന്നത്. ബാറ്റ്മാന്‍ സീരിസിലെ റോബിനെയും ബാറ്റ് വുമണിനെയും ഇത്തരത്തില്‍ ഡിസി അവതരിപ്പിച്ചിരുന്നു.

The Cue
www.thecue.in