'ന്യായീകരിക്കുന്നില്ല, തെറ്റാണെന്ന തിരിച്ചറിവുണ്ട്'; കടുവയിലെ വിവാദ ഡയലോഗ് ഒഴിവാക്കുമെന്ന് പൃഥ്വിരാജ്

'ന്യായീകരിക്കുന്നില്ല, തെറ്റാണെന്ന തിരിച്ചറിവുണ്ട്'; കടുവയിലെ വിവാദ ഡയലോഗ് ഒഴിവാക്കുമെന്ന് പൃഥ്വിരാജ്

കടുവയിലെ വിവാദ ഡയലോഗ് സിനിമയില്‍ നിന്ന് മാറ്റുമെന്ന് നടന്‍ പൃഥ്വിരാജ്. തിരുവനന്തപുരത്ത് വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ വെച്ചാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ ഡയലോഗ് ഒഴിവാക്കി സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ഓവര്‍ സീസ് അടക്കമുള്ള എല്ലാ വിതരണക്കാരോടും മാറ്റിയ വേര്‍ഷന്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുമെന്നും പൃഥ്വിരാജ് പറഞ്ഞു.

'പക്ഷെ ഇതൊരിക്കലും ഒരു ന്യായീകരണമല്ല. അത് തെറ്റാണെന്ന പൂര്‍ണ്ണ തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. അതിനാല്‍ ഒരിക്കല്‍ കൂടി കടുവ ടീമിന്റെ ഭാഗത്തുനിന്നും ആ ഡയലോഗ് പറഞ്ഞ നടന്‍ എന്ന നിലയിലും ഞാന്‍ മാപ്പ് ചോദിക്കുന്നു' , പൃഥ്വിരാജ് വ്യക്തമാക്കി. സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടായിരുന്നു.

പൃഥ്വിരാജ് പറഞ്ഞത് :

ആദ്യം തന്നെ ഞങ്ങള്‍ ഉള്ളില്‍ നിന്നു കൊണ്ട് ഈ ഡയലോഗ് കാരണം വേദനിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും ഈ സിനിമയുടെ പേരിലും ക്ഷമ ചോദിക്കുന്നു.

ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ഞങ്ങളിലേക്ക് ഉന്നയിക്കപ്പെട്ട തെറ്റുകളെ ന്യായീകരിക്കുന്നതായിട്ടോ ഒരു ആര്‍ഗ്യുമെന്റ് പറയുന്നതായോ കരുതരുത്. അത് നടന്ന സമയത്ത് എന്തായിരുന്നു ഞങ്ങളുടെ കാഴ്ച്ചപ്പാട്, അല്ലെങ്കില്‍ ആ കാഴ്ച്ചപ്പാട് കാരണമായിരിക്കാം ഞങ്ങള്‍ അത് ശ്രദ്ധിക്കാതെ പോയത് എന്നുള്ളതു കൊണ്ടാണ്.

ആ സീനില്‍ നമ്മള്‍ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ ചിലപ്പോള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുന്നത് എന്നതാണ് ആ ഡയലോഗ്. അത് പറയുമ്പോള്‍ ശരിക്കും പ്രോബ്ലമാറ്റിക് ആയ പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന്‍ ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ഞങ്ങള്‍ ആ സീനില്‍ ഉദ്ദേശിച്ചത്. അതുകൊണ്ടാണ് അത് കഴിഞ്ഞാല്‍ ഉടനെ ജോസഫ് വണ്ടിയില്‍ ഇരുന്ന് പറയുന്നത്, 'he ruined my day' എന്നും കുര്യച്ചന്റെ എക്‌സ്‌പ്രെഷനും അത് കഴിഞ്ഞാല്‍ അത് പറയണ്ടായിരുന്നു എന്നതാണ് ഞങ്ങള്‍ സിനിമയില്‍ ഉദ്ദേശിച്ചത്.

പക്ഷെ ഞങ്ങള്‍ക്ക് മനസിലാകും, ഈ സിനിമയുടെ നായക സ്ഥാനത്ത് നില്‍ക്കുന്ന കഥാപാത്രമായതുകൊണ്ട് ഈ സിനിമ ആ വ്യൂവിനെ എന്‍ഡോര്‍സ് ചെയ്യുന്നോ എന്ന് ഒരു പ്രേക്ഷകന് തോന്നിയാല്‍ ആ പ്രേക്ഷകനെ കുറ്റം പറയാന്‍ പറ്റില്ല. അത് ഞങ്ങള്‍ മനസിലാക്കുന്നു.

പിന്നീട് ചോദിച്ച ഒരു ചോദ്യം എന്തുകൊണ്ടാണ് ഒരു സ്‌പെഷ്യല്‍ ചൈല്‍ഡിനെ ആ വേഷത്തില്‍ കാസ്റ്റ് ചെയ്തു എന്നുള്ളതാണ്. ഞങ്ങള്‍ക്ക് ശരിക്കും അതിന്റെ മറിച്ചുള്ള അവസ്ഥയിലാണ് ഭയം തോന്നിയത്. ഭയമല്ല ഒരു സംശയം തോന്നിയത്. കാരണം ഒരു സാധാരണ ഒരു കുട്ടിയെ ഞങ്ങള്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് ഡയലോഗിലൂടെ ഒന്നും പറയാതെ നോട്ടത്തില്‍ തന്നെ ആ കുട്ടി ഒരു സ്‌പെഷ്യല്‍ ചൈല്‍ഡാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഞങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അതാകുമോ ഒഫെന്‍സീവ് ആകുക എന്ന സംശയത്തിന്റെ പുറത്താണ് ആ വേഷം ഒരു സ്‌പെഷ്യല്‍ ചൈല്‍ഡ് തന്നെ ചെയ്യട്ടെ എന്ന് ഞങ്ങള്‍ ചിന്തിച്ചത്.

ചോദ്യം വളരെ പ്രസക്തമാണ്. എന്തുകൊണ്ട് അഭിനയിച്ചപ്പോഴോ ഡബ്ബ് ചെയ്തപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ ഞങ്ങള്‍ക്ക് അത് തോന്നിയില്ല എന്നുള്ളത്. തോന്നാത്തതുകൊണ്ടാണ് മാപ്പ് ചോദിച്ചത്.

മാപ്പ് ചോദിച്ചതിന് ശേഷം എന്ത് ചെയ്തു എന്നുള്ളതിന് കൂടി ഉത്തരം പറയേണ്ടതായിട്ടുണ്ട്. മിനിഞ്ഞാന്ന് വൈകുന്നേരമാണ് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്നും അതില്‍ ഞങ്ങള്‍ തെറ്റുകാരാണെന്നും ഉള്ള തിരിച്ചറിവ് ഞങ്ങള്‍ക്ക് ഉണ്ടാകുന്നത്. അപ്പോള്‍ ഉടന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു മാപ്പ് പറയണം ആ ഡയലോഗ് സിനിമയില്‍ നിന്ന് മാറ്റണം എന്ന്. ഇവിടെയുള്ള കുറച്ച് പേര്‍ക്കെങ്കിലും അറിയാമായിരിക്കും ഇന്നത്തെ നിയമങ്ങള്‍ പ്രകാരം ഒരു സിനിമയില്‍ നിന്ന് ഒരു സംഭാഷണം എടുത്ത് മാറ്റണമെങ്കില്‍ അത് മാറ്റിയതിന് ശേഷം വീണ്ടും അത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കണം. അവരുടെ അപ്രൂവല്‍ കിട്ടണം എന്നിട്ടെ അത് യുഎഫ്ഓയിനും മറ്റ് എക്‌സിബിഷന്‍ സിസ്റ്റത്തിനും അപ്പ്‌ലോഡിന് അയക്കാന്‍ പറ്റു. ഇന്നലെ ഞായറാഴ്ച്ചയായിരുന്നു, സെന്‍സര്‍ ബോര്‍ഡ് വര്‍ക്കിംഗ് ആയിരുന്നില്ല. ആ ഡയലോഗ് മാറ്റിയ ഒരു വേര്‍ഷന്‍ ഇന്ന് സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിന് അപ്ലൈ ചെയ്ത് ഇന്ന് കിട്ടും. കിട്ടിയാല്‍ ഇന്ന് രാത്രി തന്നെ എല്ലാ അപ്പ്‌ലോഡിനും ആ കണ്ടന്റ് ഞങ്ങള്‍ അയക്കും. ഓവര്‍സീസ് തിയേറ്ററിന്റെ കണ്ടന്റ് ഞങ്ങള്‍ ഡയറക്ട് ആയല്ല അപ്ലോഡ് ചെയ്യുന്നത്. പക്ഷെ ആ കണ്ടന്റ് അയച്ചുകൊടുത്ത് എല്ലാ ഓവര്‍സീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സിനോടും കണ്ടന്റ് മാറ്റണമെന്ന് പറയും. ഇവിടെ അത് ഞങ്ങളുടെ കണ്ട്രോളിലാണ്. അതുകൊണ്ട് ഇവിടെ എന്തായാലും ഞങ്ങള്‍ അത് റീപ്ലേസ് ചെയ്യും. ഇതാണ് ഈ വിഷയത്തിന്റെ നിലവിലെ സാഹചര്യം.

പക്ഷെ ഇതൊരിക്കലും ഒരു ന്യായീകരണമായി കാണരുത്. ഇത് ഞങ്ങള്‍ ശ്രദ്ധിക്കാത്ത ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു തെറ്റ് അതിലുണ്ട് എന്ന പൂര്‍ണ്ണ തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. ഒരിക്കല്‍ കൂടി കടുവ സിനിമയുടെ ടീമിന്റെ ഭാഗത്തുനിന്നും ആ ഡയലോഗ് പറഞ്ഞു എന്ന നടന്‍ എന്ന നിലയിലും ഞാന്‍ മാപ്പ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in