'വെള്ളപ്പൊക്കത്തിനിടയില്‍ ചെന്നൈയിലെ മരക്കാറിന്റെ സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല'; മികച്ച കലാസൃഷ്ടിയെന്ന് റോയ് സി ജെ

'വെള്ളപ്പൊക്കത്തിനിടയില്‍ ചെന്നൈയിലെ മരക്കാറിന്റെ സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല'; മികച്ച കലാസൃഷ്ടിയെന്ന് റോയ് സി ജെ

മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച കലാസൃഷ്ടിയെന്ന് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ റോയി സി ജെ. ചെന്നൈയിലെ വെള്ളപ്പൊക്കത്തിനിടയില്‍ മരക്കാറിന്റെ സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ലെന്നും റോയ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ആന്റണി പെരുമ്പാവൂരും ഒരുമിച്ച് ചരിത്രപരമായ സിനിമയാണ് നിര്‍മ്മിച്ചതെന്നും റോയ് സി ജെ അഭിപ്രായപ്പെട്ടു.

'ഞാന്‍ എപ്പോഴും സത്യസന്ധമായി കാര്യങ്ങള്‍ പറയുന്ന വ്യക്തിയാണ്. നമ്മള്‍ കാത്തിരുന്ന മരക്കാര്‍ വളരെ മികച്ചൊരു കലാസൃഷ്ടിയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഹോളിവുഡ് ലെവല്‍ മികവാണ് പുലര്‍ത്തിയിരിക്കുന്നത്. ലാലേട്ടനും സിനിമയിലെ മറ്റ് താരങ്ങളും, പ്രിയദര്‍ശനും ആന്റണിയും എല്ലാവരും ഒരുമിച്ച് ചരിത്രപരമായൊരു സിനിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വെള്ളപ്പൊക്കത്തിന്റെ സമയത്തും ചെന്നൈയിലെ പ്രൈവറ്റ് സ്‌ക്രീനിങ്ങിനെത്തിയത് വെറുതെയായില്ല. കോ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ സിനിമ കാണുന്നതിന് മുമ്പുള്ള അതേ ആവേശത്തിലാണ് ഇപ്പോഴുമുള്ളത്.' - റോയ് സി ജെ

നിര്‍മ്മാണ പങ്കാളികള്‍ക്കും ചലച്ചിത്ര മേഖലയിലെ മറ്റ് പ്രമുഖര്‍ക്കുമാണ് ചെന്നൈയില്‍ വെച്ച് മരക്കാറിന്റെ പ്രത്യേക പ്രിവ്യൂ ഷോ നടത്തിയത്. നടി ലിസിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ ഫ്രെയിംസ് ഡബ്ബിങ്ങ് സ്റ്റുഡിയോസില്‍ വെച്ചായിരുന്നു സ്‌ക്രീനിങ്ങ്. മോഹന്‍ലാല്‍, സുചിത്ര മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സി ജെ റോയ്, സമീര്‍ ഹംസ, വിനീത് ശ്രീനിവാസന്‍ തുടങ്ങി 20 ഓളം പേരാണ് സ്‌ക്രീനിങ്ങിനുണ്ടായിരുന്നത്. എഡിറ്റിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ആദ്യമായി സിനിമ കണ്ടതും ഇപ്പോഴാണ്.

അതേസമയം മരക്കാര്‍ ഒടിടി റിലീസിന് ഒപ്പം തന്നെ തിയേറ്ററിലും റിലീസ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് മരക്കാര്‍ സിനിമയുമായും ആന്റണി പെരുമ്പാവൂരുമായും ഇനി സഹകരിക്കില്ല എന്ന നിലപാടിലാണ്. എന്നാല്‍ ആശിര്‍വാദ് സിനിമാസിന്റെ 25 ഓളം സ്‌കീനുകളിലും ദിലീപ്, സോഹന്‍ റോയ് എന്നിവരുടെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലും മരക്കാര്‍ ഒടിടിക്ക് പിന്നാലെ റിലീസ് ചെയ്യാന്‍ ആണ് നീക്കം.

Related Stories

No stories found.
logo
The Cue
www.thecue.in