കമല്‍ ഹാസന്റെ 'വിക്രമി'ല്‍ വില്ലനായി ചെമ്പന്‍ വിനോദ് ജോസ്

കമല്‍ ഹാസന്റെ 'വിക്രമി'ല്‍ വില്ലനായി ചെമ്പന്‍ വിനോദ് ജോസ്

കമല്‍ ഹാസനും ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന വിക്രം എന്ന ചിത്രത്തില്‍ വില്ലന്‍ റോളില്‍ ചെമ്പന്‍ വിനോദ് ജോസ്. കൈദി, മാസ്റ്റര്‍ എന്നീ സിനിമകള്‍ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് വിക്രമിന്റെ സംവിധാനം. വിക്രമിലെ മലയാള സിനിമ താരങ്ങളുടെ സാനിധ്യം ചിത്രീകരണം ആരംഭിച്ചത് മുതല്‍ ശ്രദ്ധേയമായിരുന്നു. ഫഹദിന് പുറമെ കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഇപ്പോഴിതാ ചെമ്പന്‍ വിനോദും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുകയാണ്.

അഭിനേതാക്കള്‍ക്ക് പുറമെ വിക്രമിന്റെ ഛായാഗ്രാഹകനും മലയാളിയായ ഗിരീഷ് ഗംഗാധരനാണ്. ജല്ലിക്കെട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് വിക്രം.

അതേസമയം ഭീമന്റെ വഴി ആണ് ചെമ്പന്‍ വിനോദ് ജോസ് പ്രധാന റോളില്‍ എത്തുന്ന അടുത്ത റിലീസ്. ചെമ്പന്‍ വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഷറഫ് ഹംസയാണ് സംവിധാനം. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ഭീമന്റെ വഴിക്കും ക്യാമറ കൈകാര്യം ചെയ്തത്.

ഖാലിദ് റഹ്മാന്റെ തല്ലുമാല എന്ന ചിത്രത്തിലും ചെമ്പന്‍ വിനോദ് പ്രധാന കഥാപാത്രമാണ്. ടൊവിനോ തോമസ് നായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആഷ്‌ക് ഉസ്മാനാണ്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.

Related Stories

No stories found.
logo
The Cue
www.thecue.in