'സിബിഐ ഫൈവ്'; ചിത്രീകരണം നവംബര്‍ അവസാനം തുടങ്ങും

'സിബിഐ ഫൈവ്'; ചിത്രീകരണം നവംബര്‍ അവസാനം തുടങ്ങും

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ചിത്രീകരണം നവംബര്‍ 29ന് പാലാക്കാട് ആരംഭിക്കും. എസ്.എന്‍ സ്വാമി, കെ മധു, മമ്മൂട്ടി എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സിബിഐ ഫൈവ്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ഗ്ഗചിത്ര നിര്‍മ്മാണ വിതരണ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണിത്.

അതേസമയം പഴയ സിബിഐ സീരിസുകളില്‍ നിന്ന് സായികുമാര്‍ മാത്രമായിരിക്കും അഞ്ചാം ഭാഗത്തില്‍ ഉണ്ടായിരിക്കുക. ജഗതി ശ്രീകുമാര്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഉണ്ടാവില്ലെന്ന് എസ്.എന്‍ സ്വാമി അറിയിച്ചിരുന്നു. മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്.

അഞ്ചാം ഭാഗത്തിലേക്ക് വരുമ്പോള്‍ സേതു രാമയ്യര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് പ്രായത്തിലും അപ്പിയറന്‍സിലും മാറ്റം വരില്ലെന്നും സ്വാമി വ്യക്തമാക്കിയിരുന്നു. മുമ്പൊരിക്കല്‍ അപ്പിയറന്‍സില്‍ മാറ്റം വരുത്തിയത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. കഥയില്‍ മാറ്റമുണ്ടെങ്കിലെ കഥാപാത്രത്തിന് എന്തെങ്കിലും മാറ്റം വരുത്താന്‍ സാധിക്കു. കാരണം ജനങ്ങള്‍ക്ക് ഇപ്പോഴും ഇഷ്ടം ആ സേതു രാമയ്യരെ കാണാനാണ്. അവര്‍ക്ക് ഒരു മുടി പോലും മാറാന്‍ പാടില്ലെന്നും സ്വാമി പറഞ്ഞിരുന്നു.

രത്തീന സംവിധാനം ചെയ്ത പുഴുവാണ് മമ്മൂട്ടി അവസാനമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി യൂറോപ്പിലേക്ക് പോവുകയാണ്. ഒരാഴ്ച്ചയാണ് യൂറോപ്പില്‍ ചിത്രീകരണം. മടങ്ങിയെത്തിയാല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എം.ടി കഥകള്‍ ആധാരമാക്കിയ ആന്തോളജിയിലെ ലിജോ പെല്ലിശേരി ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും. ലിജോ ജോസ് ചിത്രത്തിന് ശേഷം ഡിസംബര്‍ ആദ്യ വാരത്തോടെയാണ് മമ്മൂട്ടി സിബിഐ ഫൈവില്‍ ജോയിന്‍ ചെയ്യുക.

Related Stories

No stories found.
logo
The Cue
www.thecue.in