അഞ്ചാമൂഴത്തിന് സേതുരാമയ്യര്‍, മലയാളത്തില്‍ ഇതാദ്യം

അഞ്ചാമൂഴത്തിന് സേതുരാമയ്യര്‍, മലയാളത്തില്‍ ഇതാദ്യം

സിബിഐ സീരീസിലെ അഞ്ചാം പതിപ്പായ സിബിഐ ഫൈവിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ ഇന്ന് (നവംബര്‍ 29) എറണാകുളത്ത് വെച്ച് നടന്നു. സംവിധായകന്‍ കെ മധു, തിരക്കഥകൃത്ത് എസ് എന്‍ സ്വാമി എന്നിവര്‍ പൂജയില്‍ പങ്കെടുത്തു. മമ്മൂട്ടി ഡിസംബര്‍ 10നാണ് ജോയിന്‍ ചെയ്യുക. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുക.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത് എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ഗ്ഗചിത്ര നിര്‍മ്മാണ വിതരണ രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണിത്.

അതേസമയം സിബിഐ 5 വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമയായിരിക്കുമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ദ ക്യുവിനോട് പറഞ്ഞു. 'സിനിമയുടെ ബിജിഎമ്മിനും മറ്റും ഒരു മാറ്റവും ഉണ്ടാവില്ല. എങ്കിലും ഈ കാലഘട്ടത്തിന് വേണ്ട മാറ്റങ്ങള്‍ എല്ലാം തന്നെ ഉണ്ടാവും. സേതുരാമയ്യരിന്റെ ലുക്കിന്റെ കാര്യം തീരുമാനിക്കുന്നത് സംവിധായകനും നടനുമാണ്. എങ്കിലും പഴയ ലുക്ക് തന്നെയായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.' എന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുങ്ങുന്ന ഏക സിനിമയാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. എസ്.എന്‍ സ്വാമി, കെ മധു, മമ്മൂട്ടി എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സിബിഐ 5.

Related Stories

No stories found.
logo
The Cue
www.thecue.in