ബീസ്റ്റ് വിളയാട്ടം ഇനി ഒ.ടി.ടിയിൽ, നെറ്റ്ഫലിക്സിലും സണ് നെക്സ്റ്റിലും

ബീസ്റ്റ് വിളയാട്ടം ഇനി ഒ.ടി.ടിയിൽ, നെറ്റ്ഫലിക്സിലും സണ് നെക്സ്റ്റിലും

നെല്‍സന്‍റെ സംവിധാനത്തില്‍ വിജയ് നായകാനായെത്തിയ ബീസ്റ്റ് ഒ.ടി.ടി റിലീസിനെത്തുന്നു. ഏപ്രില്‍ 13ന് തിയേറ്ററില്‍ റിലീസ് ചെയ്ത ബീസ്റ്റ് മെയ് 11ന് സണ്‍ നെക്സ്റ്റ്, നെറ്റ്ഫ്ലിക്സ് എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. 150 കോടി ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതിനോടകം 240 കോടി തിയേറ്ററില്‍ നിന്നും നേടിയിട്ടുണ്ട്.

വിജയുടെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ബീസ്റ്റ്. പക്ഷെ, തിയേറ്ററില്‍ നിന്നും ലഭിച്ച സമ്മിശ്ര പ്രതികരണം ചിത്രത്തിന്‍റെ കളക്ഷനെ സാരമായി ബാധിച്ചു. തമിഴ് നാട്ടില്‍ 240 സ്ക്രീനുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നതുകൊണ്ടുതന്നെ വിജയുടെ നാലാമത്തെ 250 കോടി കളക്ഷന്‍ നേടുന്ന സിനിമയായി ബീസ്റ്റ് മാറുമെന്നാണ് പറയപ്പെടുന്നത്. ബിഗില്‍, മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളാണ് വിജയുടേതായി ബോക്സ് ഓഫീസില്‍ 250 കോടി കളക്ഷന്‍ നേടിയ സിനിമകള്‍.

ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ക്ക് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ബീസ്റ്റ്. വിജയ്ക്ക് പുറമെ പൂജ ഹെഗഡേ, സെല്‍വരാഘവന്‍, വിടിവി ഗണേഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.