മൊട്ടയടിച്ച് മോഹന്‍ലാല്‍, 'ബറോസ്' മേക്ക് ഓവര്‍

മൊട്ടയടിച്ച് മോഹന്‍ലാല്‍, 'ബറോസ്' മേക്ക് ഓവര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി 12 മണിക്കാണ് മോഹന്‍ലാല്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. ബറോസ് എന്ന കഥാപാത്രത്തിനായി വലിയ മേക്ക് ഓവറാണ് മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കാണ് പോസ്റ്ററിലുള്ളത്. അടുത്തിടെ ചിത്രത്തിന്റെ പ്രോമോ ടീസറും മോഹന്‍ലാല്‍ പുറത്തുവിട്ടിരുന്നു.

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയംമുതലേ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ദി ക്യു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദേശ താരങ്ങളുടെ കാസ്റ്റിങ്ങില്‍ വ്യത്യാസമുണ്ടാവുമോ എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

The Cue
www.thecue.in