അമ്മയില്‍ നിന്നും രാജിവച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കണം, നിലപാട് വ്യക്തമാക്കി ആസിഫ് അലി

അമ്മയില്‍ നിന്നും രാജിവച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കണം, നിലപാട് വ്യക്തമാക്കി ആസിഫ് അലി

ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. മനോരമ ന്യൂസിനോടാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. അതേസമയം നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അമ്മ നിയമാവലിയില്‍ പരിമിതിയുണ്ടെന്നും ആസിഫ് അലി പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നതിന് പിന്നാലെ 2018 ജൂണിലാണ് അതിജീവിതയും അവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരും അമ്മയില്‍ നിന്നും പുറത്തുപോയത്. താരസംഘടനയില്‍നിന്നുള്ള നീതിനിഷേധം ചൂണ്ടിക്കാട്ടി പിന്നീട് നടി പാര്‍വതിയടക്കം സംഘടനയ്ക്ക് രാജിനല്‍കി.

ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നത് പുറത്തുപോയ നടിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി പരിഹാര സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്്. ആസിഫ് അലി പറഞ്ഞു.

സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകള്‍ ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവരെ തിരിച്ചുവിളിക്കുന്നില്ലെന്നതിന് ഉത്തരമില്ലെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. അതിനിടെ വിജയ് ബാബുവിനെതിരെ 'അമ്മ' നിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്തുചാടി നടപടിയെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

The Cue
www.thecue.in