മുയൽകുഞ്ഞ് പോലെയിരിക്കുന്ന മനുഷ്യൻ വന്ന് തോക്ക് ഒക്കെയുള്ള സിനിമയുടെ കഥ പറഞ്ഞു; ആസിഫ് അലി, ജിസ് ജോയ്

മുയൽകുഞ്ഞ് പോലെയിരിക്കുന്ന മനുഷ്യൻ വന്ന് തോക്ക് ഒക്കെയുള്ള സിനിമയുടെ കഥ പറഞ്ഞു; ആസിഫ് അലി, ജിസ് ജോയ്

ആസിഫിന്റെ രൂപവും പെരുമാറ്റവും ആവശ്യമുള്ള കഥാപാത്രങ്ങൾ വരുമ്പോഴാണ് ആസിഫിനെ നായകനാക്കി സിനിമകൾ ചെയ്യുന്നതെന്ന് സംവിധായകൻ ജിസ് ജോയ് പറഞ്ഞു. ബൈസിക്കിൾ തീവ്സ് പോലെയൊരു സിനിമ ചെയ്ത് കഴിഞ്ഞപ്പോൾ മുയൽ കുഞ്ഞിനെ പോലെ ഇരിക്കുന്ന ജിസ് ജോയ് ചെയ്യേണ്ട സിനിമയല്ലായിരുന്നു ബൈസിക്കിൾ തീവ്സ് എന്ന് തനിക്ക് തോന്നിയെന്ന് ആസിഫ് അലിയും കൂട്ടി ചേർത്തു. ദ ക്യു ഷോ ടൈമിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ജിസ് ജോയിയുടെയും ആസിഫ് അലിയുടെയും വാക്കുകൾ

ഇതുവരെ ആസിഫായി അസ്സോസിയേറ്റ് ചെയ്ത പടങ്ങളില്ലെല്ലാം ആ കഥാപാത്രങ്ങൾക്ക് ആസിഫിന്റെ രൂപവും, പെരുമാറ്റവുമെല്ലാം ചേരുന്നതായി തോന്നി. ബൈസിക്കിൾ തീവ്സിലെ സൈക്കിളുകൾ മോഷ്ടിച്ചു ജീവിക്കുന്ന ചെറുപ്പക്കാർ എന്ന് പറയുമ്പോൾ, 18, 19 പ്രായമാണ് അവർക്ക് വേണ്ടത്. അന്ന് പ്രായമൊരു പ്രധാന ഘടകമായിരുന്നു, അങ്ങനെയാണ് ഞങ്ങൾ അസ്സോസിയേറ്റ് ചെയ്തു തുടങ്ങിയത്. പിന്നീട് സൺ‌ഡേ ഹോളിഡേയിലേക്ക് വന്നപ്പോൾ വീട് വീടാന്തരം വിൽക്കാൻ നടക്കുന്നൊരാൾ, നമുക്ക് തൊട്ടടുത്ത വീട്ടിലൊരാളെ പോലെ തോന്നണം, മോനെ ഒരു ഗ്ലാസ് വെള്ളം വേണോയെന്ന് ചോദിക്കാൻ തോന്നണം.

വിജയ് സൂപ്പറും പൗർണ്ണമിയും ആസിഫുമായി ചേർന്ന് പോകുന്ന കഥാപാത്രമാണെന്ന് തോന്നി, വേറെയൊരു ജോലിയില്ലാത്ത ആൾ. നമ്മൾ എന്തൊക്കെ പറഞ്ഞാലും സുഹൃത്ത് ബന്ധമെന്നൊക്കെ പറഞ്ഞാലും, നാളെ നമ്മൾ കീർത്തിചക്ര പോലെയൊരു സിനിമ എഴുതാണെങ്കിൽ അതിൽ ആസിഫ് അലിയെ കൊണ്ട് അഭിനയിപ്പിക്കാൻ പറ്റില്ലല്ലോ. അങ്ങനെ എഴുതിയ കഥാപാത്രങ്ങൾ മാച്ച് ആയി വരുമ്പോഴാണ് ഞങ്ങൾ ഒരുമിച്ചുള്ള സിനിമകൾ സംഭവിക്കുന്നത്.

എഴുതി തുടങ്ങുമ്പോൾ വേറെ ആൾക്കാരാണ്. പിന്നെ വേറെ ആരും ഡേറ്റ് കൊടുക്കില്ലാന്ന് കാണുമ്പോൾ എന്നിലേക്ക് എത്തുന്നതാണ്. ജിസ് എന്റെയടുത്ത് വന്ന് ബൈസിക്കിൾ തീവ്സ് പറയുമ്പോൾ അതിന്റെ സ്ക്രീൻപ്ലേ ഭയങ്കര രസമായിരുന്നു. ഞങ്ങൾ അടുക്കുന്നത് അതിന്റെ ഷൂട്ടിംഗ് ടൈമിലാണ്. ഇയാളെ പരിചയപ്പെട്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ജിസിനെ പോലൊരാൾ ചെയ്യേണ്ട സിനിമയല്ലലോ അതെന്ന്. അതിൽ തോക്ക് ഒക്കെയുള്ള സിനിമയാണ്. ഒരിക്കലും ജിസ് ജോയ് ചെയ്യേണ്ട ഒരു പടമാണെന്ന് തോന്നിയില്ല. അതിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ ഞാൻ ആലോചിക്കുകയും ചെയ്തു, ഒരു മുയൽകുഞ്ഞ് പോലത്തെ മനുഷ്യൻ വന്നിട്ട് തോക്ക് ഒക്കെയുള്ള സിനിമ പറയുന്നു. പിന്നീട് സൺ‌ഡേ ഹോളിഡേയിലേക്ക് വരുമ്പോൾ എനിക്ക് തോന്നുന്നു ജിസിന്റെ സ്വഭാവമുള്ള സിനിമയാണ് സൺ‌ഡേ ഹോളിഡേ.

ഒരുപാട് സുഹൃത്തുക്കൾ ഉള്ളൊരാളാണ് ഞാൻ. ഇയാളുമായി ഞാൻ ക്ലോസ് ആകുവാൻ കാരണം ഇയാളുടെ സ്വഭാവം തന്നെയാണ്. എന്നെ ഉപദേശിക്കുകയും വളരെ മിതമായി വഴക്ക് പറയുകയും ചെയ്യുന്ന ഒരാളാണ്. ഒരു കുടുംബം പോലെ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നതും. ജിസ് ആലോചിക്കുന്ന പല സിനിമകളുടെയും ആലോചനയുടെ ഇടയിൽ ഞാൻ കയറി പോകുന്നത് കൊണ്ടായിരിക്കാം ഞാൻ ജിസ് ജോയ് സിനിമകളുടെ ഭാഗമാകുന്നത്.

The Cue
www.thecue.in