'എന്റെ പ്രതിഫലം കുറച്ചാല്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ കുറയുമോ എന്ന് അറിയില്ല'; പ്രതിഫലത്തില്‍ വിവേചനം വേണ്ടെന്ന് അപര്‍ണ ബാലമുരളി

'എന്റെ പ്രതിഫലം കുറച്ചാല്‍ മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ കുറയുമോ എന്ന് അറിയില്ല'; പ്രതിഫലത്തില്‍ വിവേചനം വേണ്ടെന്ന് അപര്‍ണ ബാലമുരളി

സിനിമയിലെ താരപ്രതിഫലത്തില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ലെന്ന് നടി അപര്‍ണ ബാലമുരളി. സിനിമയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മാറാന്‍ താന്‍ പ്രതിഫലം കുറച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അപര്‍ണ പറഞ്ഞു. ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷം എറണാകുളത്ത് വെച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

'എല്ലാവരും ചെയ്യുന്നത് ഒരേ ജോലിയാണ് അതില്‍ വിവേചനം കാട്ടേണ്ട ആവശ്യമില്ല. എന്റെ പ്രതിഫലം എത്ര തന്നെ കുറച്ചാലും മലയാള സിനിമയില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയുമോന്ന് എനിക്കറിയില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ കാശ് ഞാന്‍ വാങ്ങാറില്ല. കൊവിഡ് കഴിഞ്ഞതിന് ശേഷം ഇന്റസ്ട്രിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സിനിമകള്‍ ചെയ്യാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും ഞാനെന്റെ സാലറി നോക്കാറില്ല. സമൂഹത്തിനു വേണ്ടിയുള്ള സിനിമകളാണെങ്കില്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്', അപര്‍ണ പറഞ്ഞു.

'സിനിമകളിലും നായകനും നായികയ്ക്കും തുല്യ പ്രാധാന്യമുണ്ടാകണം. സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ടാകണം. മേക്കപ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയില്‍ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെ'ന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

സുധ കൊങ്കര സംവിധാനം ചെയ്ത 'സൂരറൈ പോട്ര്' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. സൂരരൈ പോട്ര് എന്ന സിനിമയില്‍ നടന്‍ സൂര്യക്കൊപ്പം ശക്തമായ കഥാപാത്രത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in