ഒരു ഫോട്ടോയ്ക്ക് മോശം കമന്റിട്ടാല്‍ പണികിട്ടുമെന്ന ചിന്ത വന്നിട്ടുണ്ട്: അതിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് അനശ്വര രാജന്‍

ഒരു ഫോട്ടോയ്ക്ക് മോശം കമന്റിട്ടാല്‍ പണികിട്ടുമെന്ന ചിന്ത വന്നിട്ടുണ്ട്: അതിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് അനശ്വര രാജന്‍

സമൂഹമാധ്യമത്തില്‍ ഒരു ഫോട്ടോയ്ക്ക് മോശം കമന്റിട്ടാല്‍ അതിന് തിരിച്ച് പണികിട്ടുമെന്ന ചിന്ത പലര്‍ക്കും വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍. 2020ലാണ് അനശ്വര രാജന്‍ ഷോട്ട്‌സ് ധരിച്ച ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചതിന് സൈബര്‍ ആക്രമണം നേരിട്ടത്. ഇതിനെതിരെ അനശ്വരയ്‌ക്കൊപ്പം തന്നെ മലയാള സിനിമയില്‍ നടിമാരും പ്രതികരിച്ചിരുന്നു. സമൂഹമാധ്യമത്തില്‍ 'വിമണ്‍ ഹാവ് ലെഗ്‌സ്' എന്ന ക്യാംപെയിന്‍ നടന്നതും ഈ വിഷയത്തെ തുടര്‍ന്നായിരുന്നു.

ആ സംഭവത്തിന് ശേഷം ചിലര്‍ക്കെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് അനശ്വര പറയുന്നത്. അത്തരമൊരു മാറ്റത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അനശ്വര ദ ക്യുവിനോട് പറഞ്ഞു.

അനശ്വര പറഞ്ഞത്:

'പ്രതികരിക്കേണ്ട കാര്യങ്ങള്‍ക്ക് നമ്മള്‍ പ്രതികരിക്കുക തന്നെ വേണം. വിമണ്‍ ഹാവ് ലെഗ്‌സ് എന്ന ക്യാംപെയിന്‍ നടന്നപ്പോള്‍ അതിന് നല്ലത് പറഞ്ഞ ആളുകളും ഉണ്ട് മോശം പറഞ്ഞവരും ഉണ്ട്. ഇപ്പോഴും ഒരു വ്യക്തി അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുമ്പോള്‍ വിമര്‍ശനങ്ങളും മോശം വാക്കുകളും ഏറ്റുവാങ്ങുന്നുണ്ട്. അത് പെണ്‍കുട്ടികളുടെ മാത്രം കാര്യമല്ല ആണ്‍കുട്ടികളുടെയും കാര്യമാണ്.

പിന്നെ എനിക്കെതിരെ അങ്ങനെ ഒരു പ്രശ്‌നം വന്നപ്പോള്‍ ഒരുപാട് പേര്‍ അതിന് എതിരെ പ്രതികരിച്ചു. അവര്‍ക്കും അത്തരം അവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുള്ളത് കൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഇപ്പോള്‍ ആളുകള്‍ അങ്ങനെ ഫോട്ടോയ്്ക്ക് മോശം കമന്റിടുമ്പോള്‍ രണ്ട് തവണ ചിന്തിക്കും. കാരണം അവര്‍ക്ക് തിരിച്ച് പണികിട്ടു. അപ്പോള്‍ അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നതിന്റെ ഭാഗമായതില്‍ അഭിമാനമുണ്ട്.'

Related Stories

No stories found.
logo
The Cue
www.thecue.in