മൂന്നാം വരവിന് 'ഡോണ്‍', ഷാരൂഖ് ഖാനൊപ്പം അമിതാബ് ബച്ചനും?

മൂന്നാം വരവിന് 'ഡോണ്‍', ഷാരൂഖ് ഖാനൊപ്പം അമിതാബ് ബച്ചനും?

ബോളിവുഡ് താരം ഷാരുഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോണ്‍. ഡോണ്‍, ഡോണ്‍ 2 എന്നീ ചിത്രങ്ങള്‍ ബോളിവുഡില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാല്‍ തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ഷാരുഖ് ഖാന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ മൂന്നാം ഭാഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പം അമിതാബ് ബച്ചനും ചിത്രത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

അമിതാബ് ബച്ചന്‍ അടുത്തിടെ സാമൂഹ്യമാധ്യമത്തില്‍ 1978ല്‍ റിലീസ് ചെയ്ത ഡോണ്‍ കാണുന്നതിന് വേണ്ടി പ്രേക്ഷകര്‍ തിയേറ്ററിന് മുന്‍പില്‍ കാത്തു നില്‍ക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡോണ്‍ 3ല്‍ അമിതാബ് ബച്ചനും ഷാരൂഖ് ഖാനും ഒന്നിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അതോടൊപ്പം തന്നെ ഡോണ്‍ മൂന്നാം ഭാഗത്തിന്റെ തിരക്കഥയുടെ ജോലികള്‍ പുരോഗമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് ഡോണ്‍ മൂന്നാം ഭാഗത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഫര്‍ഹാന്‍ അക്തറിന്റെ എക്‌സല്‍ എന്റര്‍ട്ടെയിന്‍മെന്റ് തന്നയായിരിക്കും ചിത്രം നിര്‍മിക്കുന്നത്.

അതേസമയം പത്താനാണ് റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം. ദീപീക പദുകോണും കേന്ദ്ര കഥാപാത്രമാണ്. 2023ലാണ് ചിത്രം റിലീസ് ചെയ്യുക. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ജവാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രം. നയന്‍താരയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. രാജ്കുമാര്‍ ഹിരാണിക്കൊപ്പം ഡുങ്കി എന്ന ചിത്രവും ഷാരൂഖ് ഖാന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്.

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയാണ് റിലീസ് ചെയ്യാനിരിക്കുന്ന അമിതാബ് ബച്ചന്‍ ചിത്രം. ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് കേന്ദ്ര കഥാപാത്രം. ആലിയ ഭട്ട്, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 2022 സെപ്റ്റംബറിലാണ് ചിത്രം റിലീസ് ചെയ്യുക.

Related Stories

No stories found.
The Cue
www.thecue.in