'പാട്ട്' ഡ്രോപ്പ് ചെയ്തിട്ടില്ല, പോസ് മോഡിലാണ്: അല്‍ഫോന്‍സ് പുത്രന്‍

'പാട്ട്' ഡ്രോപ്പ് ചെയ്തിട്ടില്ല, പോസ് മോഡിലാണ്: അല്‍ഫോന്‍സ് പുത്രന്‍

പാട്ട് സിനിമ ഡ്രോപ്പ് ചെയ്തിട്ടില്ല പോസ് മോഡിലാണെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും പാട്ട് വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തനിക്ക് കുറച്ച് കൂടി കഴിവുകള്‍ വികസിപ്പിച്ചെടുക്കേണ്ടതായിട്ടുണ്ടെന്നാണ് അല്‍ഫോന്‍സ് പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

'പാട്ട് എന്ന സിനിമ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ദൈവവത്തിനും പ്രപഞ്ചത്തിനും എല്ലാം ഞാന്‍ പാട്ട് ചെയ്യുന്നതിന് മുന്‍പ് കുറച്ച് കൂടി കഴിവുകള്‍ വികസിപ്പിച്ച് എടുക്കമമെന്നുണ്ട്. അപ്പോള്‍ ഞാന്‍ പാട്ട് വേണ്ടെന്ന് വെച്ചിട്ടില്ല, അത് പോസ് മോഡിലാണ്', അല്‍ഫോന്‍സ് ട്വീറ്റ് ചെയ്തു.

ഗോള്‍ഡിന് മുന്‍പ് അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു പാട്ട്. ചിത്രത്തില്‍ ഫഹദ് ഫാസിലും നയന്‍താരയുമാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. അതിന് ശേഷമാണ് പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് ഗോള്‍ഡ് പ്രഖ്യാപിച്ചത്.

നിലവില്‍ ഗോള്‍ഡിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം റിലീസ് ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഗോള്‍ഡ്.

50തില്‍ അധികം താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നയന്‍താര, പൃഥ്വിരാജ്, ലാലു അലക്സ്, റോഷന്‍ മാത്യു, ചെമ്പന്‍ വിനോദ്, സൈജു കുറുപ്പ്, ഷമ്മി തിലകന്‍, ബാബുരാജ്, ഇടവേള ബാബു, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, അജ്മല്‍ അമീര്‍, ജഗതീഷ്, പ്രേംകുമാര്‍, മല്ലിക സുകുമാരന്‍, തെസ്നിഖാന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അബു സലീം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

The Cue
www.thecue.in