സാമ്രാട്ട് പൃഥ്വിരാജ് പരാജയപ്പെട്ടാല്‍ മസാല എന്റര്‍ട്ടെയിനറിലേക്ക് മടങ്ങുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു: വെളിപ്പെടുത്തി സംവിധായകന്‍

സാമ്രാട്ട് പൃഥ്വിരാജ് പരാജയപ്പെട്ടാല്‍ മസാല എന്റര്‍ട്ടെയിനറിലേക്ക് മടങ്ങുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു: വെളിപ്പെടുത്തി സംവിധായകന്‍

'സാമ്രാട്ട് പൃഥ്വിരാജ്' പരാജയപ്പെട്ടാല്‍ 'ഹൗസ്ഫുള്‍' പോലുള്ള മസാല എന്റര്‍ട്ടെയിനറുകളിലേക്ക് മടങ്ങുമെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ ചന്ദ്രപ്രകാശ് ദ്വിവേദി. ബോക്‌സ് ഓഫീസില്‍ 'സാമ്രാട്ട് പൃഥ്വിരാജ്' വന്‍ പരാജയമായതിന് പിന്നാലെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. നവ്ഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രപ്രകാശ് ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ റൗഡി റാഥോര്‍, ഹൗസ്ഫുള്‍ പോലുള്ള സിനിമകളാണ് ചെയ്തിരുന്നത്. അതില്‍ നിന്ന് എനിക്ക് കൂടുതല്‍ പ്രതിഫലവും കിട്ടും. സാമ്രാട്ട് പൃഥ്വിരാജിലൂടെ ഞാന്‍ ഒരു ശ്രമം നടത്തുകയായിരുന്നു. പ്രേക്ഷകര്‍ ഈ ചിത്രം സ്വീകരിച്ചില്ലെങ്കില്‍ വിഷമം ഇല്ല. ഞാന്‍ റൗഡി റാഥോര്‍ പോലുള്ള സിനിമകളിലേക്ക് തിരിച്ച് പോകും. പ്രേക്ഷകര്‍ക്ക് വിവാദം ഉണ്ടാക്കാത്ത സിനിമകള്‍ കാണാനാണ് ഇഷ്ടം. അപ്പോള്‍ ഞാന്‍ അത് ചെയ്യും', എന്ന് അക്ഷയ് കുമാര്‍ അഭിമുഖങ്ങളിലും തന്നോടുമായി പറഞ്ഞിതായി ഓര്‍ക്കുന്നു എന്ന് ചന്ദ്ര പ്രകാശ് പറയുന്നു.

'സാമ്രാട്ട് പൃഥ്വിരാജി'ന്റെ പരാജയം നിര്‍മാതാക്കളെ ഏത് രീതിയില്‍ ബാധിച്ചു എന്നും ചന്ദ്രപ്രകാശ് വ്യക്തമാക്കി. 'ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് നിര്‍മാതാക്കളെ തീര്‍ച്ചയായും പ്രശ്‌നത്തിലാക്കും. യഷ് രാജ് ഫിലിംസിന്റെ ആദ്യ ചരിത്ര സിനിമയാണിത്. അത് വിജയമായിരുന്നെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള കൂടുതല്‍ സിനിമകള്‍ നിര്‍മിക്കും. അല്ലെങ്കില്‍ അവര്‍ മുന്‍പ് എന്താണോ ചെയ്തത് അത് തന്നെ തുടരും', എന്നാണ് ചന്ദ്ര പ്രകാശ് പറഞ്ഞത്.

പൃഥ്വിരാജ് ചൗഹാന്‍ എന്ന യോദ്ധാവിന്റെ കഥ പറഞ്ഞ ചിത്രം 200 കോടി ബജറ്റിലാണ് നിര്‍മിച്ചത്. എന്നാല്‍ നിര്‍മാതാക്കള്‍ക്ക് 65 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in