തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ പെപ്പെയും സംഘവും; 'അജഗജാന്തരം' ട്രെയ്‌ലര്‍

തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ പെപ്പെയും സംഘവും; 'അജഗജാന്തരം' ട്രെയ്‌ലര്‍

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രം 'അജഗജാന്തര'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഉത്സവപ്പറമ്പില്‍ നടക്കുന്ന തര്‍ക്കവും പിന്നീടുണ്ടാവുന്ന കോലാഹലങ്ങളുമാണ് ടെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. കൊവിഡിന് മുന്‍പുള്ള തിയേറ്ററുകളിലെ ഉത്സവാവേശം തിരിച്ചെത്തിക്കാനുള്ള ഒരുക്കത്തിലാണ് അജഗജാന്തരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വലിയ പ്രാധാന്യമുള്ള 'അജഗജാന്തരം' ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്.

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, കാര്‍ത്തിക്ക് സുബ്ബരാജ് തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ ട്രെയ്‌ലര്‍ പങ്കുവെച്ചിരുന്നു. ഡിസംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

Related Stories

No stories found.
logo
The Cue
www.thecue.in