'ദയവായി ജൂറി ആണ്ടാള്‍ കാണൂ'; അവാര്‍ഡ് നിർണയത്തിനെതിരെ ഇടതുയുവജന നേതാവ്

'ദയവായി ജൂറി ആണ്ടാള്‍ കാണൂ'; അവാര്‍ഡ് നിർണയത്തിനെതിരെ ഇടതുയുവജന നേതാവ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആണ്ടാള്‍ എന്ന ചിത്രത്തിന് അംഗീകാരം നല്‍കാത്തതിനെതിര പ്രതിഷേധവുമായി സിപിഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.അരുണ്‍. ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അദ്ഭുതം തോന്നുന്നു. കലാമൂല്യമുള്ള ആണ്ടാളിനെയും ചിത്രത്തിലെ ഇരുളപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇര്‍ഷാദ് അലിയെയും അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നുവെന്ന് എന്‍ അരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷെറീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് പറയുന്നത്. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ എന്ന ചിത്രം പറയുന്നത്.

എന്‍ അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

'ഇര്‍ഷാദിനെയും ആണ്ടാളിനെയും നിരാകരിച്ച ജൂറി നടപടിയില്‍ പ്രതിഷേധിക്കുന്നു. മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം സെന്‍സര്‍ ചെയ്ത ആണ്ടാള്‍ എന്ന കലാമൂല്യമുള്ള സിനിമയെയും ചിത്രത്തില്‍ ഇരുളപ്പനായി മികച്ച അഭിനയം കാഴ്ചവച്ച ഇര്‍ഷാദ് അലിയെയും പരിപൂര്‍ണ്ണമായി അവഗണിച്ച ചലച്ചിത്ര ജൂറി നിലപാടില്‍ പ്രതിഷേധിക്കുന്നു. ഒരു പ്രത്യേക പരാമര്‍ശം പോലും അര്‍ഹിക്കാത്ത സിനിമയായാണ് ആണ്ടാളിനെ ജൂറി വിലയിരിത്തിയിരിക്കുന്നത് എന്നതില്‍ അദ്ഭുതം തോന്നുന്നു.

ജൂറി ഇനിയെങ്കിലും ആണ്ടാള്‍ ഒന്നു കാണാന്‍ തയ്യാറാകണം ആ സിനിമയെയും അതില്‍ അയത്‌ന ലളിതമായി ഇരുളപ്പനായി പരകായപ്രവേശം ചെയ്ത ഇര്‍ഷാദ് അലി എന്ന നടന്റെ അഭിനയവും വിലയിരുത്തണം എന്നൊരു അഭ്യര്‍ത്ഥനയാണ് ജൂറിയോടുള്ളത്.

1800കളില്‍ തോട്ടം തൊഴിലാളികളായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. 1964ല്‍ ഒപ്പിട്ടിരുന്ന ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം ഇവരുടെ മൂന്ന് തലമുറക്ക് ശേഷം കൈമാറുകയും ചെയ്തു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിക്കുകയായിരുന്നു. ഇവര്‍ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു. സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്.

ജൂറിയോട് ഒരു അഭ്യര്‍ത്ഥന മാത്രം ദയവായി ആണ്ടാള്‍ കാണൂ. എന്നിട്ട് വിലയിരുത്തു. ഇത്തരം സിനിമകള്‍ എടുക്കുന്നത് കച്ചവടത്തിനല്ല , നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയാണ്. അവര്‍ക്കല്ലേ പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത്.'

Related Stories

No stories found.
logo
The Cue
www.thecue.in