'വാക്കുകള്‍ വളച്ചൊടിച്ചത്, ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി അഹാന

'വാക്കുകള്‍ വളച്ചൊടിച്ചത്, ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി അഹാന

സ്വര്‍ണ്ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും ബന്ധിപ്പിച്ചുള്ള വിവാദമായ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിശദീകരണവുമായി നടി അഹാന കൃഷ്ണ. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും, ലോക്ക് ഡൗണ്‍ വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അഹാന കൃഷ്ണ. 18 വാക്കുകള്‍ മാത്രമുള്ള പോസ്റ്റില്‍ കൊറോണയെന്നോ കൊവിഡ് എന്നോ പറഞ്ഞിട്ടില്ല, ഒരു മാധ്യമപ്രവര്‍ത്തകന്‍ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന ഒരു കമന്റിന് മറുപടിയായി അഹാന കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ശനിയാഴ്ച വമ്പന്‍ രാഷ്ട്രീയ അഴിമതി, ഞായറാഴ്ച സര്‍പ്രൈസ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍' എന്നായിരുന്നു അഹാനയുടെ വിവാദ പോസ്റ്റ്. കൊവിഡ് വ്യാപനം ഗുരുതര സ്ഥിതി സൃഷ്ടിച്ച തിരുവനന്തപുരം നഗത്തില്‍ സര്‍ക്കാര്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നതിലെ അപകടമാണ് വിമര്‍ശിക്കപ്പെട്ടിരുന്നത്. മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് ഉള്‍പ്പെടെ കൊവിഡ് ഗുരുതര സ്ഥിതി സൃഷ്ടിച്ച ഘട്ടത്തില്‍ ഇത്തരമൊരു വ്യാഖ്യാനം നല്‍കുന്നതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ രംഗത്ത് വന്നിരുന്നു.

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് അഹാന ചെയ്ത 'എ ലൗവ് ലെറ്റര്‍ ടു ബുള്ളീസ്' വീഡിയോ വലിയ ചര്‍ച്ചയുമായിരുന്നു. ലവ് ലെറ്റര്‍ ടു ബുള്ളീസ് അനുകരിച്ച് അഹാനയ്ക്ക് പിന്തുണയറിയിച്ച നടിമാരുടെ വീഡിയോ പങ്കുവെച്ച് പോസ്റ്റിന് താഴെയായിരുന്നു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കമന്റ്.

മിസ് അഹാന കൃഷ്ണ, നിങ്ങളുടെ പേജില്‍ വന്ന തെറ്റിദ്ധാരണാജനകമായ ഒരു സ്റ്റോറിയെക്കുറിച്ചുള്ള വിശദീകരണം വേണം എന്ന് നിരവധി പേരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവശ്യപ്പെടുന്നത്. ക്ഷമാപണമല്ല, ഒരു വിശദീകരണമാണ് മിക്ക ആളുകളും വളരെ മാന്യമായി ചോദിക്കുന്നത്. അതിനാല്‍ തന്നെ, നിങ്ങളുടെ ആ നടപടിക്ക് ജനങ്ങളോട് വിശദീകരണം നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥയാണ്. കാരണം ഇത് പൊതുജീവിതത്തെയും ജനങ്ങളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഒന്നാണ്. പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അവഗണിക്കുന്നത് ശരിയായ മാര്‍ഗമല്ല. നിങ്ങളും നിങ്ങള്‍ പങ്കു വച്ച ഈ വിഡിയോയിലെ ചില സ്ത്രീകളും കടന്നു പോയ സൈബര്‍ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു. നിങ്ങളുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു.'-ഇതായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.

ഇതിന് അഹാന നല്‍കിയ മറുപടി ഇങ്ങനെ; 'ഹായ് പെണ്‍കുട്ടി, നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം ആളുകളും വിശദീകരണം ചോദിക്കുന്നത് ഞാന്‍ പറഞ്ഞ കാര്യത്തിനല്ല, മറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഞാന്‍ പറഞ്ഞതായി വളച്ചൊടിച്ച വാക്കുകള്‍ക്കാണ്. കൊറോണ അല്ലെങ്കില്‍ കോവിഡ് എന്നീ പദങ്ങള്‍ പോലും ഞാന്‍ പറഞ്ഞിട്ടില്ല. ലോക്ഡൗണിന്റെ ആവശ്യമില്ലെന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കുറിച്ച, 18 വാക്കുകള്‍ മാത്രമുള്ള എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ട് വ്യത്യസ്തമായ ചിന്തകള്‍ മാത്രമാണ് പങ്കു വച്ചത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ വീട്ടില്‍ പോലും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി മറ്റൊരു ജില്ലയിലായിരുന്നു. അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് എനിക്ക് തനിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നു. രാവിലെ വരെ കാത്തിരുന്നാല്‍ എനിക്ക് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കുമായിരുന്നില്ല. അടുത്ത ദിവസം എന്റെ മനസില്‍ തോന്നിയ രണ്ട് ചിന്തകളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കു വെച്ചത്. അത് 24 മണിക്കൂര്‍ കഴിയുമ്പോള്‍ ഡിലീറ്റാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഒരു പ്രസ്താവനയാണെങ്കില്‍ അതൊരു പോസ്റ്റ് ആക്കുകയല്ലെ ചെയ്യുക.

എന്റെ ആ സ്റ്റോറിയില്‍ ഒരു പ്രസ്താവനയോ നിഗമനമോ ഇല്ല. അതില്‍ നിന്ന് പിന്നീട് ഉണ്ടായതെല്ലാം ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്റെ വാക്കുകള്‍ വളച്ചൊടിച്ച് എഴുതിയ പോസ്റ്റിന്റെ ഫലമാണ്. എന്തിനാണ് അത് ചെയ്തത് എന്നെനിക്ക് അറിയില്ല. ആ വളച്ചൊടിച്ച പ്രസ്താവനയുടെ വിശദീകരണമാണ് ആളുകള്‍ എന്നോട് ചോദിക്കുന്നത്. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്നു പറയാന്‍ എനിക്ക് എങ്ങനെ കഴിയും. അങ്ങനെ ഞാന്‍ പറഞ്ഞിട്ടോ ചിന്തിച്ചിട്ടോ ഇല്ല.

ഞാനങ്ങനെ പറഞ്ഞു എന്ന രീതിയില്‍ നിങ്ങളെപ്പോലെ വിശ്വസ്തരായ ആളുകള്‍ മുന്‍വിധിയോടെ സമീപിച്ചത് നിര്‍ഭാഗ്യകരമാണ്. കൊറോണ മഹാമാരി പൂര്‍ണമായും മാറുന്നതുവരെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളാണ് ഞാന്‍. രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് ഈ വിശദീകരണം തന്നത്. ഒന്ന്, നിങ്ങളുടെ കമന്റില്‍ ഒരുപാട് മര്യാദ ഉണ്ട്. കാരണം അത് മറ്റുള്ളവരില്‍ ഇപ്പോള്‍ കാണുന്നില്ല. രണ്ട്, ഒരു പരിധി കഴിയുമ്പോള്‍ നമുക്ക് ഇത് വേദനയുണ്ടാക്കും. നിങ്ങള്‍ക്ക് മനസിലായെന്ന് കരുതുന്നു'-മറുപടിയില്‍ അഹാന പറയുന്നു.

വളച്ചൊടിക്കല്‍ നടത്തി എന്നത് തെറ്റിദ്ധാരണ

അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വളച്ചൊടിച്ചെന്ന വാദം തെറ്റിദ്ധാരണയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് ദ ക്യു'വിനോട് പ്രതികരിച്ചു. 'അഹാന കൃഷ്ണയെപ്പോലെ ഒരു ഒരു താരത്തിനോട് വാക് യുദ്ധത്തിനൊന്നും ആഗ്രഹം ഉള്ള ആളല്ല ഞാന്‍. അത് കൊണ്ട് എന്തെങ്കിലുമൊക്കെ പറയാന്‍ മടിയുണ്ട്. മുതിര്‍ന്ന സംവിധായകന്‍ കമലിനെ കമാലുദ്ധീന്‍ എന്ന് വിളിക്കുന്ന ഒരു പോസ്റ്റ് അഹാന ഷെയര്‍ ചെയ്തത് കണ്ടിരുന്നു. ലോക്ഡൗണ്‍ വിഷയത്തിലുള്ള അഹാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ന്യായീകരിക്കുന്ന മറ്റൊരാളുടെ പോസ്റ്റായിരുന്നു അത്. അത് അഹാനയുടെ കൂടി നിലപാടാണെങ്കില്‍ ഞാനതിനെ മാനിക്കുന്നു. അങ്ങനെ സ്വന്തം രാഷ്ട്രീയപക്ഷം ഇന്നതാണ് എന്ന് തുറന്ന് പറയുന്ന അവരോട് എനിക്ക് നല്ല ബഹുമാനം ഉണ്ട്. സാധാരണ സിനിമാക്കാരൊന്നും അങ്ങനെ ചെയ്യാറുള്ളതല്ല. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റോറി ഞാന്‍ വളച്ചൊടിക്കല്‍ നടത്തി എന്നത് തെറ്റിദ്ധാരണയാണ്', സനീഷ് ഇളയടത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in