അവാര്‍ഡ് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്, നല്ല സിനിമകള്‍ ജൂറി പട്ടികയില്‍ ഇല്ല: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ അടൂര്‍

 അവാര്‍ഡ് തട്ടുപൊളിപ്പന്‍ സിനിമകള്‍ക്ക്, നല്ല സിനിമകള്‍ ജൂറി പട്ടികയില്‍ ഇല്ല: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിനെതിരെ
അടൂര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തെ വിമര്‍ശിച്ച് മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചലച്ചിത്രപുരസ്‌കാര നിര്‍ണയ സമിതിയില്‍ ഇന്ന് ആര്‍ക്കുമറിയാത്ത, അജ്ഞാതരായ ജൂറിയാണ് ഉള്ളത്. അവര്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഇത് അന്യായമാണ് എന്നാണ് അടൂര്‍ പറഞ്ഞത്. ഫെഡറേഷന്‍ ഓഫ് ഫിലീംസൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍അബ്രഹാം പുരസ്‌കാരച്ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.

'അറിയപ്പെടുന്ന സിനിമാസംവിധായകരും നാടകപ്രവര്‍ത്തകരും ചിത്രകാരന്‍മാരും നിരൂപകരുമൊക്കെ അടങ്ങുന്ന ജൂറിയാണ് മുന്‍കാലങ്ങളില്‍ ചലച്ചിത്രപുരസ്‌കാര നിര്‍ണയ സമിതിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കുമറിയാത്ത, അജ്ഞാതരായ (അനോണിമസ്) ജൂറിയാണ് ഈ വികൃതിയൊക്കെ കാണിക്കുന്നത്. ആരൊക്കെയോ ജൂറിയുടെ ചെയര്‍മാനാവുന്നു. ആര്‍ക്കൊക്കെയോ പുരസ്‌കാരം കൊടുക്കുന്നു. എന്തുകൊണ്ടാണെന്നു ചോദിക്കരുത്. എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം', അടൂര്‍ പറയുന്നു.

'എന്താണ് പുരസ്‌കാരനിര്‍ണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകള്‍ കണ്ട് പുരസ്‌കാരം നിശ്ചയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകള്‍ അവരുടെ പട്ടികയില്‍ വരുന്നതേയില്ല. തട്ടുപൊളിപ്പന്‍സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാനെന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണെ'ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സിനിമയെന്നാല്‍ 'വെറൈറ്റി എന്റര്‍ടെയിന്‍മെന്റ്' എന്നാണ് പലരും ധരിക്കുന്നത്. സിനിമയെന്നാല്‍ സിനിമയാണ്. സിനിമ കലയാണ്. ബോളിവുഡ് ആരാധകരാണ് ജൂറിയിലുള്ളവര്‍. താന്‍ വിളിച്ചപ്പോള്‍ ഒരു ബോളിവുഡ് താരം ഫോണെടുത്തുവെന്ന് അഭിമാനത്തോടെ വേദിയില്‍ പറയുന്ന കേന്ദ്രമന്ത്രി മുന്‍പുണ്ടായിരുന്നു. ജൂറിയിലെ പലരും രണ്ടു സിനിമ കണ്ടപ്പോഴേക്ക് തളര്‍ന്നുപോവുന്നുവെന്നാണ് ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞത്. സിനിമ കാണാത്തവരും സിനിമ കണ്ടാല്‍ മനസ്സിലാവാത്തവരുമാണ് ഔദാര്യപൂര്‍വം ചിലര്‍ക്ക് മാത്രം അവാര്‍ഡ് കൊടുക്കുന്നത്. ഇതൊക്കെ എന്റെ ആത്മഗതം മാത്രമാണ്', അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in