'സോളമന്റെ തേനീച്ചയില്‍ ഞങ്ങള്‍ പൊട്ടത്തരമല്ല ചെയ്ത് വെച്ചിരിക്കുന്നത്'; ഡീഗ്രേഡിംഗിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിന്‍സി അലോഷ്യസ്

'സോളമന്റെ തേനീച്ചയില്‍ ഞങ്ങള്‍ പൊട്ടത്തരമല്ല ചെയ്ത് വെച്ചിരിക്കുന്നത്'; ഡീഗ്രേഡിംഗിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിന്‍സി അലോഷ്യസ്

ലാല്‍ജോസ് സംവിധാനം ചെയ്ത സോളമന്റെ തേനീച്ചക്കെതിരെ അനാവശ്യമായ ഡീഗ്രേഡിംഗ് നടക്കുന്നുണ്ടെന്ന് നടി വിൻസി അലോഷിയസ്. സിനിമയിൽ പൊട്ടത്തരമല്ല കാണിച്ചിരിക്കുന്നത്, അത് കണ്ടുനോക്കാൻ പ്രേക്ഷകർക്ക് അവസരം കൊടുക്കണം. ഡീഗ്രേഡിങ്ങിനെ ശക്തമായി എതിർക്കുന്നുവെന്നും ദ ക്യൂവിനോട് നടത്തിയ അഭിമുഖത്തിൽ വിൻസി അലോഷ്യസ് പറഞ്ഞു.

'സോളമന്റെ തേനീച്ചകള്‍ക്ക് പോസിറ്റിവ് റിവ്യൂസ് ആണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. മിക്‌സഡ് റിവ്യൂസ് ആയിരുന്നു തുടക്കത്തില്‍. തിയേറ്ററില്‍ ഫാമിലി, ക്രൂ, ഓഡിയന്‍സ് ഇവരോടൊപ്പമിരുന്നപ്പോള്‍ അവരുടെ റെസ്‌പോണ്‍സ് വളരെ നല്ലതായിരുന്നു. അതായിരുന്നു ഞങ്ങളുടെ കോണ്‍ഫിഡന്‍സ്. ഞങ്ങള്‍ സന്തോഷത്തോടെയാണ് തിയേറ്ററില്‍ നിന്ന് ഇറങ്ങിയത്. എല്ലാം അടിപൊളിയായിരുന്നു. പക്ഷെ ഒരു ഡീഗ്രേഡിംഗ് സെഷന്‍ എവിടെ നിന്നോ തുടങ്ങി. എവിടെ നിന്നാണ് അത് തുടങ്ങിയതെന്ന് എനിക്കറിയില്ല. റിവ്യൂ ചെയ്യുന്നവരെയാണ് ഇവിടെ എനിക്ക് പോയിന്റ് ഔട്ട് ചെയ്യാനുള്ളത്. അവര്‍ ഫസ്റ്റ് ഷോ കണ്ട്, പ്രേക്ഷകര്‍ക്ക് സിനിമ കാണാനുള്ള സമയം പോലും കൊടുക്കാതെ സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് തുടങ്ങു'മെന്നും വിൻസി അലോഷ്യസ് പറഞ്ഞു.

'ആര്‍ക്ക് ചിന്തിച്ചാലും അറിയാം അവര്‍ റിവ്യൂ ഇടുന്നത് ആള്‍ക്കാരെ രക്ഷപ്പെടുത്താനല്ല. അത്രയ്ക്കും നന്മയുള്ള കേരളമല്ല ഇത്. അപ്പോള്‍ എന്തിനാണ് അവരത് ചെയ്യുന്നത്? അവര്‍ ചിന്തിക്കേണ്ട മറ്റൊരു കാര്യം അവരുടെ പേഴ്‌സ്പക്ടീവാണത് എന്നതാണ്. അത് മെജോറിറ്റി ഓഡിയന്‌സിന്റേത് ആവണമെന്നില്ല. തീര്‍ച്ചയായും ഞങ്ങളുടെ സിനിമയ്ക്ക് നെഗറ്റീവ്‌സ് ഉണ്ട്. നമ്മള്‍ ഭൂരിഭാഗം ആളുകള്‍ പറയുന്ന അഭിപ്രായമാണ് എടുക്കുന്നത്. അല്ലാതെ ഓരോരുത്തരും പറയുന്നത് എടുത്താല്‍ ശരിയാവില്ല. എഡിറ്റിംഗ് ശരിയല്ല, ബിജിഎം ശരിയല്ല എന്നൊക്കെ പറയുകയാണെങ്കില്‍ പിന്നെ സിനിമ മൊത്തത്തില്‍ കട്ട് ചെയ്ത് കളയേണ്ടി വരും', വിൻസി കൂട്ടിച്ചേർത്തു

കണ്‍സ്ട്രക്റ്റീവ് ക്രിട്ടിസിസം ഹെല്‍ത്തിയായിട്ട് എടുക്കുന്നു. എന്നാലല്ലേ നമുക്ക് വളരാന്‍ സാധിക്കുകയുള്ളു. പക്ഷെ, കീറിയൊട്ടിക്കുക എന്ന പരിപാടിയൊക്കെ നടക്കുന്നുണ്ട്. നമ്മളെ റോസ്റ്റ് ചെയ്യുകയാണ്. സാധാരണ ഒരാളെ റോസ്റ്റ് ചെയ്യുന്നത് അവര്‍ ചെയ്യുന്നത് ഭൂരിഭാഗം പേര്‍ക്കും ശരിയല്ലെന്ന് തോന്നുമ്പോഴാണല്ലോ. പക്ഷെ ഞങ്ങള്‍ സിനിമയില്‍ പൊട്ടത്തരമല്ല ചെയ്ത് വെച്ചിരിക്കുന്നത്. അത്രയും താഴെ തട്ടിലുള്ള കാര്യമൊന്നും അല്ല സിനിമയില്‍ ഉള്ളത്. അത് വ്യക്തമാണ്. സിനിമയ്ക്ക് നല്ല റിവ്യൂസ് വരുന്നത് അതുകൊണ്ടാവാം. പ്രേക്ഷകര്‍ക്ക് ഒരു അവസരം കൊടുക്കണ്ടെ.

വിൻസി അലോഷ്യസ്

'ഇത് ഞങ്ങളുടെ സിനിമയുടെ മാത്രം പ്രശ്‌നമല്ല. അതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുന്നത് നമ്മുടെ സിനിമയ്ക്ക് ഈ അവസ്ഥ വരുമ്പോഴാണ്. അതുമാത്രമല്ല, സിനിമയിലുള്ള നാല് പേരും പുതുമുഖങ്ങളാണ്. അപ്പോള്‍ തന്നെ പ്രീ ജഡ്ജ് ചെയ്യും. നിങ്ങള്‍ സിനിമ പോയി കാണു. കണ്ടിട്ട് പറയു. എന്നിട്ട് ഇഷ്ട്ടപെട്ടു, ഇഷ്ടപ്പെട്ടില്ല എന്നൊക്കെ പറയുമ്പോള്‍ അത് സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണെ'ന്നും വിൻസി അലോഷ്യസ് അഭിപ്രായപ്പെട്ടു

'സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിറങ്ങിയപ്പോള്‍ അതിലെല്ലാം പോസിറ്റീവ് കമന്റ്സ് ആണ്. അപ്പോള്‍ അവര് പറയുന്നത് അതിലെല്ലാം അവരുടെ അച്ഛനും അമ്മയും അല്ലെ, അവര്‍ പോസിറ്റീവ് അല്ലെ പറയു എന്നാണ്. അവിടെയും നെഗറ്റീവ് കണ്ടുപിടിക്കുകയാണ്. അത് പിന്നെ ലാല്‍ ജോസും ടീമും അവരുടെ ക്രൂവും ആണല്ലോ. അപ്പോള്‍ തീര്‍ച്ചയായും നല്ലതല്ലേ പറയു എന്നൊക്കെ. ഞാന്‍ സിനിമ നല്ലതാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?', വിൻസി ചോദിക്കുന്നു

സിനിമ പരാജയമാവുകയാണെങ്കില്‍ അത് നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്റെ തന്നെ സിനിമയായ കനകം കാമിനി കലഹത്തിന് സംമ്മിശ്ര അഭിപ്രായങ്ങളാണ് വന്നത്. ഒരുപാട് പേര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടു, എന്നാല്‍ മറ്റുചിലര്‍ക്ക് ഇഷ്ടമായില്ല. അതിനെ ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷെ ഇത്, ഭൂരിഭാഗം ആളുകളും പോസിറ്റീവ് റിവ്യൂ പറയുന്നുണ്ട്. അതിനെയെന്തിനാണ് ഇവര്‍ ബ്ലോക്ക് ചെയ്യുന്നത്. സിനിമ കാണാന്‍ വരുന്നവരെ എന്തിനാണ് ബ്ലോക്ക് ചെയ്യുന്നത്. 150 പേര്‍ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഇവര്‍ പാരസൈറ്റായി ആ സിനിമയെ ഉപയോഗിച്ച് സ്വയം മാര്‍ക്കറ്റ് ചെയ്യുകയാണ്. വേറെ ഒന്നും അവര്‍ക്ക് ചെയ്യാനില്ല. നാട്ടുകാര്‍ക്ക് നല്ലതൊന്നും അവര്‍ക്ക് ചെയ്യാനുമില്ല. ഡീഗ്രേഡിങ് ശരിയായ കാര്യമല്ല. അതിനെ ശക്തമായി എതിർക്കുന്നുവെന്ന് വിൻസി

വിന്‍സി അലോഷ്യസിനൊപ്പം ദര്‍ശന സുദര്‍ശന്‍, ജോജു ജോര്‍ജ്, തുടങ്ങിയവര്‍ ചേര്‍ന്നഭിനയിച്ച സിനിമ കഴിഞ്ഞ 18 നാണ് റീലീസ് ചെയ്തത്. സൗബിന്‍ നായകനായ മ്യാവൂ എന്ന സിനിമക്ക് ശേഷം ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമാണ് സോളമന്റെ തേനീച്ചകള്‍

Related Stories

No stories found.
logo
The Cue
www.thecue.in