ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

നടി ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് രോഗം ബാധിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും തനിക്ക് ഒമിക്രോണ്‍ ബാധിക്കുകയായിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിനാല്‍ രോഗത്തെ 85 ശതമാനം തടയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു എന്നും ശോഭന പറയുന്നു.

'മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ട വേദന എന്നിവയായിരുന്നു ലക്ഷണങ്ങള്‍. അത് ആദ്യ ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഡോസ് വാക്സിന്‍ ഞാന്‍ എടുത്തതില്‍ അതിയായ ആശ്വാസവും സന്തോഷവും ഉണ്ട്. അത് രോഗത്തെ 85ശതമാനം തടയുമെന്ന് ഞാന്‍ വിശ്വിസിക്കുന്നു. നിങ്ങള്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ എത്രയും വേഗം എടുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു'.- എന്നാണ് ശോഭന സമൂഹമാധ്യമത്തില്‍ കുറിച്ചത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതകള്‍ നിലനില്‍ക്കെ നിരവധി പേരാണ് രോഗ ബാധിതരാവുന്നത്. ശോഭനയ്ക്ക് പുറമെ കമല്‍ ഹാസന്‍, പ്രിയദര്‍ശന്‍, തൃഷ, സ്വര ഭാസകര്‍, സത്യരാജ് എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

The Cue
www.thecue.in