'ചുരുളിയിലെ തെറി മാത്രമല്ല, സിനിമയെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണം'; ഗീതി സംഗീത

'ചുരുളിയിലെ തെറി മാത്രമല്ല, സിനിമയെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണം'; ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലെ തെറി ചര്‍ച്ചയാവുമ്പോള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ഗീതി സംഗീത. ചുരുളിയിലെ തെറി മാത്രമല്ല മറിച്ച് സിനിമയെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണമെന്ന് ഗീതി ദ ക്യുവിനോട് പറഞ്ഞു. ചുരുളിയില്‍ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നടി കൂടിയാണ് ഗീതി സംഗീത.

ചുരുളിയുടെ റിലീസിന് പിന്നാലെ സിനിമയിലെ കഥാപാത്രങ്ങള്‍ തെറി സംഭാഷണമാക്കിയതിനെ മുന്‍നിര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകള്‍. സിനിമയുടെ മികവോ, ഉള്ളടക്കമോ ചര്‍ച്ചയാകുന്നതിന് പകരം തെറിയാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. അതേസമയം എന്‍.എസ് മാധവന്‍, വെട്രിമാരന്‍ തുടങ്ങിയ പ്രമുഖര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഗീതി സംഗീത പറഞ്ഞത്:

'ചുരുളിയുടെ ഭാഷയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. സിനിമയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ താമസിക്കുന്ന ഒരു സ്ഥലമാണ് ചിത്രീകരിച്ചിരിക്കുന്നത്. അപ്പോള്‍ കുറ്റവാളികളുടെ ഭാഷ വളരെ സഭ്യമായിരിക്കണമെന്ന് നമുക്ക് ഒരിക്കലും ആവശ്യപ്പെടാന്‍ സാധിക്കില്ല. കാരണം എ സര്‍ട്ടിഫിക്കറ്റോട് കൂടി 18ന് മുകളില്‍ ഉള്ളവര്‍ക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. സിനിമ തുടങ്ങുമ്പോള്‍ തന്നെ ഭാഷ ഏകദേശം വ്യക്തമാകും. അത് ആ ഭൂമിക അവകാശപ്പെടുന്ന അവിടുത്തെ ആളുകളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അല്ലാതെ മനപ്പൂര്‍വ്വം തെറി പറയാന്‍ വേണ്ടി ചെയ്തതല്ല. അതല്ല സിനിമ ഉദ്ദേശിക്കുന്നത്. പിന്നെ ചുരുളിയിലെ തെറി മാത്രമല്ലാതെ മറ്റെന്തെല്ലാം സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. അതേ കുറിച്ച് കൂടി സംസാരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറാകണം.'

'ചുരുളിയിലെ തെറി മാത്രമല്ല, സിനിമയെ കുറിച്ചും പ്രേക്ഷകര്‍ സംസാരിക്കണം'; ഗീതി സംഗീത
തെറിയെന്ന് അധിക്ഷേപിക്കുന്നത് വിവരക്കേട്, ചുരുളിയെ 'തെറിപ്പട'മാക്കുന്നവരോട്

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികള്‍' എന്ന കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ്.ഹരീഷ് തിരക്കഥ. കുറ്റകൃത്യത്തെയും മനുഷ്യനെയും ഭിന്നമായ സാമൂഹ്യ സാഹചങ്ങള്‍ക്കൊപ്പം നിര്‍വചിക്കുന്ന ചിത്രമാണ് ചുരുളി. നിയമം സംരക്ഷിക്കുന്നയാള്‍- നിയമം ലംഘിക്കുന്നയാള്‍ എന്നീ ദ്വന്ദ്വത്തെ മുന്‍നിര്‍ത്തിയാണ് ചുരുളിയുടെ ആഖ്യാനം. സോണി ലിവ്വില്‍ നവംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in