'സ്ത്രീകള്‍ക്കെതിരെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ആക്രമണം'; അതിജീവിതയ്ക്കൊപ്പമെന്ന് സൂര്യ

'സ്ത്രീകള്‍ക്കെതിരെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ആക്രമണം'; അതിജീവിതയ്ക്കൊപ്പമെന്ന് സൂര്യ

നടന്‍ ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. സമൂഹത്തിലെ ഏതൊരു സ്ത്രീയ്ക്ക് എതിരെയും സംഭവിക്കാന്‍ പാടില്ലാത്ത ആക്രമണമാണ് അത്. എല്ലാവരെയും പോലെ താനും അതിജീവിതയ്ക്ക് ഒപ്പം തന്നെയാണെന്നും സൂര്യ പറഞ്ഞു. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.

സൂര്യ പറഞ്ഞത്

നമ്മള്‍ എല്ലാവരും കേസുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങള്‍ കാണുന്നുണ്ട്. തീര്‍ച്ചയായും അതിജീവിതയ്ക്ക് ഒപ്പം തന്നെയാണ് നമ്മള്‍ എല്ലാവരും. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. എനിക്ക് ആ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി അറിയില്ല. അതുകൊണ്ട് അതേ കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ എനിക്കാവില്ല.

പക്ഷെ എന്താണോ നടന്നത് അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് അത്. പ്രത്യേകിച്ച് ഇത്രയും പുരോഗമനപരമായ ഒരു സമൂഹത്തില്‍ അത്തരം ആക്രമണങ്ങള്‍ നടക്കാന്‍ പാടില്ല.

2017ലാണ് മലയാള സിനിമയിലെ പ്രമുഖ നടി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംഭവത്തിന് ആസ്പദമായ കേസ് നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെ കേസുമായി ബന്ധപ്പെട്ട ചില നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ പങ്കിനെ കുറിച്ച് തുടരന്വേഷണം നടക്കുകയാണ്.

കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഹര്‍ജി തള്ളി. ക്രൈംബ്രാഞ്ച് ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in