ഇങ്ങനെ പറയണമെങ്കില്‍ ഒരുതരം ഹൃദയമില്ലായ്മയും ക്രൂരതയും വേണം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ പാര്‍വതി

ഇങ്ങനെ പറയണമെങ്കില്‍ ഒരുതരം ഹൃദയമില്ലായ്മയും ക്രൂരതയും വേണം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമെല്ലാം പഠിക്കാന്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി. തന്റെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ സഹതപിക്കുകയും കണ്ണീര്‍വാര്‍ക്കുകയും ചെയ്തത് അവഗണിക്കാനായിരുന്നുവെന്ന് പാര്‍വതി പറയുന്നു.

2019 ഡിസംബര്‍ 31ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയല്ല, പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകള്‍ നടത്തിയ സത്രീകള്‍ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാണെങ്കില്‍ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കില്‍ ഒരുതരം ഹൃദയമില്ലായ്മയും ക്രൂരതയും വേണം- പാര്‍വതി കുറിച്ചു.

സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗസമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്. 2017ല്‍ നിയോഗിക്കപ്പെട്ട സമിതി ആറുമാസത്തിനകം പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. രണ്ടുവര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ചെയ്യുകയുണ്ടായിട്ടില്ല. തൊഴിലിടങ്ങളിലെ നീതിനിര്‍വഹണത്തിനു വേണ്ടി നടപ്പിലാക്കപ്പെട്ട കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്തുകൊണ്ടാണ് പുറത്തുവിടാന്‍ ഇത്രത്തോളം വൈകുന്നതെന്നാണ് ചോദ്യം.

The Cue
www.thecue.in