എന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത് ചെയ്യില്ലല്ലോ: അഭ്യര്‍ത്ഥനയുമായി ജാക്വലിന്‍ ഫര്‍ണാണ്ടസ്

എന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത്, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഇത് ചെയ്യില്ലല്ലോ: അഭ്യര്‍ത്ഥനയുമായി ജാക്വലിന്‍ ഫര്‍ണാണ്ടസ്

തന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടി ജാക്വലിന്‍ ഫര്‍ണാണ്ടസ്. സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമൊത്തുള്ള ചിത്രം കഴിഞ്ഞ ദിവസം പ്രചരിച്ചതിനെത്തുടര്‍ന്നാണ് അഭ്യര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയയിലൂടെ നടി രംഗത്തെത്തിയത്. ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ നടി അന്വേഷണം നേരിടുകയാണ്.

ഈ രാജ്യവും ഇവിടത്തെ ആളുകളും എനിക്ക് വളരെ അധികം സ്‌നേഹവും ബഹുമാനവും തന്നിട്ടുണ്ട്. ഇതില്‍ എന്റെ മാധ്യമ സുഹൃത്തുക്കളും ഉള്‍പ്പെടുന്നു. ഞാനിപ്പോള്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷെ, എന്റെ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്നെ മനസിലാകുമെന്ന് ഉറപ്പുണ്ട്. ആ വിശ്വാസത്തോടെ ഞാനെന്റെ മാധ്യമ സുഹൃത്തുക്കളോട് എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നങ്ങളിത് ചെയ്യില്ലല്ലോ, എന്നോടും നിങ്ങളിത് ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നീതിനടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു.- ജാക്വലിന്‍ കുറിച്ചു.

സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടി കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് താരം അന്വേഷണം നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ജാക്വലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. സണ്‍ ടിവിയുടെ ഉടമയാണ് എന്നു പറഞ്ഞാണ് സുകേഷ് തന്നെ സമീപിച്ചത് എന്നായിരുന്നു ജാക്വലിന്‍ മൊഴി നല്‍കിയത്. ജാക്വലിനുമായി അടുപ്പത്തിലായിരുന്നു എന്ന വിവരം സുകേഷ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ഇതിന് ബന്ധമൊന്നുമില്ലെന്നും മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

The Cue
www.thecue.in