ജൂഹി ചൗള നല്‍കിയ 5 ജിയ്ക്കെതിരെയുള്ള ഹർജി തള്ളി; പ്രശസ്‌തിയാണ് ലക്ഷ്യമെന്ന് കോടതി

ജൂഹി ചൗള നല്‍കിയ 5 ജിയ്ക്കെതിരെയുള്ള ഹർജി തള്ളി; പ്രശസ്‌തിയാണ് ലക്ഷ്യമെന്ന് കോടതി

രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്‍വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. സമയം നഷ്ട്ടപെടുത്തിയെന്ന് അഭിപ്രായപ്പെട്ട കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രശസ്തി ലക്‌ഷ്യം വെച്ചാണ് പ്രസ്തുത ഹർജി നൽകിയതെന്നും കോടതി അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി കേസ് പരിഗണിച്ചതിന്‍റെ ലിങ്ക് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജൂഹി ചൗള പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

5 ജി വയർലെസ് നെറ്റ്‍വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹികപ്രവര്‍ത്തകരായ വീരേഷ് മാലിക്, ടീന വചാനി എന്നിവരും ഹര്‍ജിയില്‍ പങ്കാളികളായിരുന്നു. 5 ജി സാങ്കേതികവിദ്യ മനുഷ്യരെയും മൃഗങ്ങളെയും നിലവിലുള്ളതിനേക്കാള്‍ 10 മുതല്‍ 100 മടങ്ങ് വരെ അധികം ആര്‍എഫ് റേഡിയേഷന് വിധേയമാക്കും എന്ന് താരം ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.5 ജി സാങ്കേതികവിദ്യ മനുഷ്യരിലും മറ്റ് ജീവികളിലും ഒരു തരത്തിലുള്ള അപകടവും വരുത്തില്ലെന്ന് ഉറപ്പുവരുത്തണമെന്നും എന്നാല്‍ മാത്രമേ രാജ്യത്ത് ഫൈവ് ജി സാങ്കേതിക വിദ്യ കൊണ്ടുവരാനാകൂ എന്നും ജൂഹി ചൗളയുടെ അഭിഭാഷകന്‍ കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ അനാവശ്യവും ബാലിശവുമായ വാദഗതികളാണ് പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിച്ചതെന്നും അവര്‍ക്ക് വിഷയത്തില്‍ യാതൊരു ധാരണയുമില്ലെന്നും കോടതി പരാമര്‍ശിച്ചു. ഓണ്‍ലൈന്‍ ആയി കേസ് പരിഗണിക്കുന്നതിനിടെ സിനിമാഗാനം പാടി നടപടി തടസ്സപ്പെടുത്തിയ ആള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും കോടതി പുറപ്പെടുവിച്ചു . പ്രസ്‍തുത വ്യക്തിയെ കണ്ടെത്തണമെന്ന് ദില്ലി പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in