ലൊക്കാര്‍ണോയില്‍ അഭിമാനത്തോടെ മഹേഷ് നാരായണനും സംഘവും ; 'അറിയിപ്പ്' മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു

ലൊക്കാര്‍ണോയില്‍ അഭിമാനത്തോടെ മഹേഷ് നാരായണനും സംഘവും ; 'അറിയിപ്പ്' മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രവുമാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത്.

നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് അറിയിപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥ.

2005ല്‍ ഋതുപര്‍ണോഘോഷ് സംവിധാനം ചെയ്ത അന്തരമഹല്‍ ആണ് ഇതിന് മുമ്പ് ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ച ഇന്ത്യന്‍ സിനിമ. 2011ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് എന്ന ചിത്രം സ്‌പെഷ്യല്‍ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉദയാ സ്റ്റുഡിയോ സ്ഥാപിതമായ 75ാം വര്‍ഷത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ച ചിത്രം 75ാമത് എഡിഷന്‍ ലൊക്കാര്‍ണോ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അഭിമാനമേകുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് അറിയിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in